സുഗതകുമാരിക്ക് നവതിയിലും സ്മാരകമില്ല; ബജറ്റ് പ്രഖ്യാപനവും ഫയലിലുറങ്ങി; ബംഗാളിൽ ‘സുഗതവന’മൊരുക്കി ഗവര്‍ണര്‍
തിരുവനന്തപുരം: മണ്ണിനെയും മനുഷ്യനെയും സ്നേഹിച്ച് കടന്നുപോയ കവയത്രി സുഗതകുമാരിക്ക് സ്മാരകം ഒരുക്കാനുള്ള പ്രഖ്യാപനങ്ങൾ ഫയലിലുറങ്ങി. വിയോഗത്തിന് മൂന്ന് വര്‍ഷമെത്തുമ്പോള്‍ ബജറ്റ് പ്രഖ്യാപനം പോലും സർക്കാർ മറന്നമട്ടാണ്. തോമസ് ഐസക്ക് ധനമന്ത്രിയായിരിക്കെ സ്മാരകത്തിനായി രണ്ടുകോടി വകയിരുത്തിയിരുന്നു. സുഗതകുമാരിയുടെ പേരിൽ സ്മൃതിവനം സ്ഥാപിക്കാൻ കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഒരേക്കര്‍ സ്ഥലം വിട്ടുകൊടുത്തെങ്കിലും നടപടിയായിട്ടില്ല.
തിരുവനന്തപുരം നന്ദാവനത്ത് സുഗതകുമാരിയുടെ വീടിന് മുന്നിലെ റോഡിന് സുഗതകുമാരി വീഥി എന്ന പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷൻ പൊതുമരാമത്തിന് കത്ത് നല്‍കിയെങ്കിലും ഒന്നും നടന്നില്ല. ആകെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി മാത്രമാണ് ടൌണിലെ ഷോപ്പിങ് കോംപ്ലസിന് നടുവിൽ ചെറിയ സ്ഥലത്ത് സ്മാരകം ഒരുക്കിയിട്ടുള്ളത്.
സുഗതകുമാരിയുടെ 90 ആം ജന്മവാര്‍ഷികമാണ് കടന്നുവരുന്നത്. പ്രകൃതി സംരക്ഷണത്തിനായി കേരളത്തില്‍ മുഴങ്ങിയ ഏറ്റവും ശ്രദ്ധേയമായ ശബ്ദമായിരുന്നു ടീച്ചറുടേത്. സൈലന്റ് വാലി പ്രക്ഷോഭം ദേശീയതലത്തിൽ തന്നെ ശ്രദ്ധേയയാക്കി. കവിതയെ പരിസ്ഥിതി പ്രവർത്തനത്തിനുള്ള മൂർച്ചയുള്ള ആയുധമാക്കി. കവയത്രി എന്നതിനപ്പുറം സാമൂഹിക-സാംസ്കാരിക രംഗത്ത് നാലു പതിറ്റാണ്ടിലേറെ സജീവ സാന്നിധ്യമായി. ഈ പ്രവർത്തനങ്ങളെല്ലാം ഉൾപ്പെടുത്തി പുസ്തകം പുറത്തിറക്കാനുള്ള പദ്ധതിയുമായി മുല്ലക്കര രത്നാകരനും പി പ്രസാദും അടക്കം നേതാക്കൾ മുന്നിട്ടിറങ്ങിയെങ്കിലും അതും മുന്നോട്ടുപോയില്ല.
പൊതുമണ്ഡലത്തിൽ ഇത്രയേറെ നിറഞ്ഞുനിന്ന കവയത്രിക്ക് ജനിച്ചുവളർന്ന മണ്ണിൽ ഈ മട്ടിൽ അവഗണന തുടരുമ്പോഴാണ് ബംഗാള്‍ രാജ്ഭവന്‍ ‘സുഗതവനം’ ഒരുക്കുകയും കവയത്രിയുടെ പേരില്‍ 5 ലക്ഷത്തിന്റെ അവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തത്. മലയാളിയായ ഗവര്‍ണർ സി.വി.ആനന്ദബോസ് മുന്‍കൈ എടുത്താണ് കേരളത്തിൻ്റെ ടീച്ചർക്ക് ബംഗാൾ രാജ്ഭവനില്‍ സ്മാരകം സ്ഥാപിച്ചത്. കേരളത്തില്‍ നിന്നുള്ള അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സാന്നിധ്യത്തിൽ വൃക്ഷത്തൈ നട്ടാണ് ഗവർണർ ഉദ്ഘാടനം നിര്‍വഹിച്ചത്.
പ്രകൃതി സംരക്ഷണത്തിനായി നിലയുറപ്പിച്ച ഒറ്റയാള്‍ പട്ടാളമായിരുന്നു സുഗതകുമാരിയെന്നും ദേശീയ തലത്തില്‍ തന്നെ ടീച്ചറുടെ സ്മരണകള്‍ നിലനിര്‍ത്താനുള്ള പദ്ധതിയുടെ തുടക്കമാണ് ബംഗാളിലേതെന്നും ആനന്ദബോസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. സുഗതവനം ഒരു ആശയമല്ല, വികാരമാണ്. പ്രകൃതിസ്നേഹത്തിന്റെ ഒരു പുതിയ അധ്യായമാണ് സുഗതവനത്തിലൂടെ തുറക്കുന്നത്. പ്രകൃതി സംരക്ഷണത്തിനായി നിലകൊള്ളുന്ന വ്യക്തിക്കായി 5 ലക്ഷം രൂപയുടെ സുഗതസ്മൃതി പുരസ്കാരവും രാജ്ഭവന്‍ പ്രഖ്യാപിക്കുകയാണ് -ആനന്ദബോസ് പറഞ്ഞു.
മിസോറാം മുന്‍ ഗവര്‍ണർ കുമ്മനം രാജശേഖരന്‍ അധ്യക്ഷനായ ആറന്മുള ഹെറിറ്റേജ് ട്രസ്റ്റാണ് ദേശീയതലത്തില്‍ സുഗതവനം പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. സുഗതകുമാരിയുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ ഒരു പദ്ധതിയും സംസ്ഥാനത്തില്ല. പ്രകൃതി സംരക്ഷണത്തിനായുള്ള സുഗതകുമാരിയുടെ ആശയമാണ് ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് നടപ്പിലാക്കുന്നത്, കുമ്മനം രാജശേഖരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ബംഗാളിലെ യതീന്ദ്രഭാരതി സംസ്കൃത സര്‍വകലാശാലയിലും സുഗതവനത്തിന്റെ സന്ദേശമെത്തിച്ചിട്ടുണ്ട് -കുമ്മനം പറയുന്നു.