ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പില്‍ റുവൈസിനെക്കുറിച്ച് പരാമര്‍ശം; 14 ദിവസത്തേക്ക് റിമാന്‍ഡില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പി ജി വിദ്യാര്‍ത്ഥിനി ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ സുഹൃത്ത് ഡോ. റുവൈസ് റിമാന്‍ഡില്‍. ആത്മഹത്യാക്കുറുപ്പില്‍ റുവൈസിനെക്കുറിച്ച് പരാമര്‍ശമുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യാപ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയാണ് ഈ മാസം 21 വരെ റിമാന്‍ഡ് ചെയ്തത്.
സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടുള്ള റുവൈസിന്റെ സമ്മര്‍ദത്തിന് തെളിവുള്ളതായി പോലീസ് പറഞ്ഞു. ഷഹ്നയുടെ അമ്മയും സഹോദരനും ഇതേ രീതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. “അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു, അവന്റെ സഹോദരിക്ക് വേണ്ടിയാണോ ഇത്രയും തുക ആവശ്യപ്പെട്ടത്? ഞാന്‍ വഞ്ചിക്കപ്പെട്ടു” ഇങ്ങനെയൊക്കെയാണ് ആത്മത്യാക്കുറിപ്പില്‍ പറയുന്നത്. ഇരുവരും അടുപ്പത്തിലായിരുന്നെന്ന് സഹപാഠികള്‍ക്കെല്ലാം അറിയാമായിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം മുടങ്ങിയതില്‍ ഷഹ്ന ദുഖിതയായിരുന്നെന്നും സഹോദരന്‍ നേരത്തെ പറഞ്ഞിരുന്നു.
റുവൈസിനെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന കുറ്റം തെളിഞ്ഞാല്‍ റുവൈസിന്റെ മെഡിക്കല്‍ ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞിരുന്നു. ശിക്ഷിക്കപ്പെട്ടാല്‍ കോളജില്‍ നിന്നും പുറത്താക്കും. പ്രവേശന സമയത്ത് നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here