പൊന്നുമക്കളേ നിങ്ങളെന്തിനാണ് ജീവനൊടുക്കുന്നത്?… യുവതി യുവാക്കളുടെ ആത്മഹത്യ പെരുകുന്നു, ഈ വർഷം മാത്രം 996 പേർ ജീവനൊടുക്കി

തിരുവനന്തപുരം: സംസ്ഥാനത്തു 30 വയസ്സിൽ താഴെയുള്ള ചെറുപ്പക്കാരുടെ ആത്മഹത്യകൾ അപകടകരമായരീതിയിൽ വർധിക്കുന്നു. ഈ വർഷം ഓഗസ്റ്റ് 23 വരെ 996 യുവതി യുവാക്കളാണ് ജീവനൊടുക്കിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സംസ്ഥാനത്തു 8715 യുവജനങ്ങളാണ് സ്വയം എരിഞ്ഞടങ്ങിയത്.

മയക്കുമരുന്ന് ഉപയോഗം, തൊഴിലില്ലായ്മ, മാനസിക സമ്മർദം, മദ്യപാനം അപകർഷതാ ബോധം, തുടങ്ങി നിരവധി കാരണങ്ങളാണ് ആത്മഹത്യയിലേക്ക് വഴിതെളിക്കുന്നതെന്നു വിദഗ്‌ധർ പറയുന്നു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കാണാത്ത തരത്തിലുള്ള അഭ്യസ്തവിദ്യരുടെ ആത്മഹത്യയെക്കുറിച്ചു കൃത്യമായ പഠനങ്ങളൊന്നും നടക്കുന്നുമില്ല. ഇത്രയേറെ ചെറുപ്പക്കാരുടെ ആത്മഹത്യകളുണ്ടായിട്ടും സാമൂഹ്യ സുരക്ഷാവകുപ്പോ മറ്റു സന്നദ്ധസംഘടനകളോ ഇതേക്കുറിച്ച് പഠനങ്ങളോ ആശ്വാസ പദ്ധതികളോ ഇനിയും ആരംഭിച്ചിട്ടില്ല.

ഈ വർഷം ഓഗസ്റ്റ് 23 വരെ 775 യുവാക്കളും 271 യുവതികളും ജീവനൊടുക്കി. കഴിഞ്ഞ വർഷം 1244 പുരുഷൻമാരും 431 സ്ത്രീകളും 2021 ൽ 1238 ഉം 462 മായിരുന്നു ജീവൻ വെടിഞ്ഞത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുപ്രകാരം രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരിൽ കേരളത്തിന് അഞ്ചാം സ്ഥാനമാണ്.

സംസ്ഥാനത്തെ ചെറുപ്പക്കാരുടെ ആത്മഹത്യ നിരക്കു വർധിക്കുന്നത് ഒട്ടേറെ സാമൂഹ്യ യാഥാർഥ്യങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. ആത്മഹത്യ ചെയ്യുന്നവരിൽ 75 ശതമാനം പേരും വിവാഹിതരാണ്. കോവിഡ് മഹാമാരിക്കു ശേഷം യുവതയ്ക്കിടയിൽ വർധിച്ചുവരുന്ന മാനസിക സമ്മർദ്ദവും തൊഴിലില്ലായ്മയും പ്രധാനകാരണമാണ്. 18 നും 30 നുമിടയിലുള്ളവരുടെ ചഞ്ചലമായ മാനസികാവസ്ഥയാണ് മിക്കപ്പോഴും ആത്മഹത്യയ്ക്ക് ഇടയാക്കുന്നത്. അമിതമായ മയക്കുമരുന്നുപയോഗവും മദ്യപാനവും അതുണ്ടാക്കുന്ന മാനസിക വിഭ്രാന്തികളും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ പ്രകാരം 60 ശതമാനം മുതൽ 80 ശതമാനം വരെയുള്ള ആത്മഹത്യകൾ തടയാനാകുമെന്നാണ് വിലയിരുത്തുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top