ബേബി സുജാത @61; എന്നും മലയാളികളുടെ ‘കൊച്ചുവാനമ്പാടി’; സുജാത മോഹന്‍-വിദ്യാസാഗര്‍ കോമ്പോയിലെ അഞ്ച് ഹിറ്റ് ഗാനങ്ങള്‍
പ്രണയം, വിരഹം, സൗഹൃദം, വാത്സല്യം സ്‌നേഹത്തിന്റെ ഏതുരൂപത്തിലും മലയാളിക്ക് ഒരു സുജാത പാട്ടുണ്ടാകും. 1975ല്‍ തുടങ്ങിയ സംഗീത സപര്യ അഞ്ച് പതിറ്റാണ്ടോട് അടുക്കുകയാണ്. ഇന്ന് ഗായിക സുജാത മോഹന്റെ 61ാം ജന്മദിനം. മലയാളികളുടെ കണ്‍മുന്നില്‍ വളര്‍ന്ന ബേബി സുജാത. എട്ടാം വയസില്‍ കലാഭവനില്‍ ചേര്‍ന്ന സുജാത ഒന്‍പതാം വയസുമുതലാണ് യേശുദാസിനൊപ്പം ഗാനമേളകളില്‍ പാടിത്തുടങ്ങിയത്. രണ്ടായിരത്തിലധികം വേദികളില്‍ ഇരുവരും ഒന്നിച്ച് പാടി. ‘കൊച്ചുവാനമ്പാടി’ എന്നാണ് അക്കാലത്ത് സുജാത അറിയപ്പെട്ടിരുന്നത്. 12ാം വയസിൽ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിൽ പാടിയാണ് സുജാത പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സുജാതയ്ക്ക് ഏറ്റവും നല്ല പാട്ടുകള്‍ സമ്മാനിച്ച നിരവധി സംഗീത സംവിധായകരുണ്ട്. എന്നാല്‍ വിദ്യാസാഗര്‍ എന്ന സംഗീത മാന്ത്രികനു വേണ്ടി സുജാത പാടുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അതൊരു വല്ലാത്ത അനുഭൂതിയായിരുന്നു. അറുപതു പിന്നിടുമ്പോഴും രൂപത്തിലും ശബ്ദത്തിലും യുവത്വവും മാധുര്യവും കാത്തുസൂക്ഷിക്കുന്ന സുജാതയുടെ 5 വിദ്യാസാഗര്‍ പാട്ടുകള്‍.
പ്രണയമണിത്തൂവല്‍…
1996-ല്‍ ‘അഴകിയ രാവണന്‍’ എന്ന ചിത്രത്തിലെ വിദ്യാസാഗറിന്റെ ‘പ്രണയമണിത്തൂവല്‍’ എന്ന ഗാനത്തിലൂടെയാണ് സുജാതയ്ക്ക് ആദ്യ സ്റ്റേറ്റ് അവാര്‍ഡ് ലഭിക്കുന്നത്. മഴയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന പാട്ടിലൂടെ സുജാത കേള്‍വിക്കാരെ പ്രണയമഴയില്‍ നനച്ചു. കൈതപ്രമാണ് പാട്ടിന് വരികള്‍ എഴുതിയത്.
വരമഞ്ഞളാടിയ…
വിദ്യാസാഗറിന്റെ സംഗീതത്തില്‍ സുജാതയ്ക്ക് വീണ്ടും സ്റ്റേറ്റ് അവാര്‍ഡ് നേടിക്കൊടുത്ത ഗാനം. 1998-ല്‍ പുറത്തിറങ്ങിയ ‘പ്രണയവര്‍ണങ്ങള്‍’ എന്ന ചിത്രത്തിലേത്. ഒരു കവിത പാടാനുണ്ടെന്ന് പറഞ്ഞാണ് സുജാതയെ വിദ്യാസാഗര്‍ സ്റ്റുഡിയോയിലേക്ക് വിളിപ്പിച്ചത്. പക്ഷെ ഇത്രയും മനോഹരമായൊരു ഗാനമായി ആ കവിത പരിണമിക്കുമെന്ന് സുജാത കരുതിയില്ല. സച്ചിദാനന്ദന്‍ പുഴങ്കരയാണ് ഈ പാട്ടിന്റെ വരികള്‍ എഴുതിയത്.
മറന്നിട്ടുമെന്തിനോ…
പ്രണയത്തിലും വിരഹത്തിലും ആകെ മുങ്ങി ഈ പാട്ട് ഒരിക്കലെങ്കിലും മൂളാത്ത മലയാളികളുണ്ടാകുമോ? ‘രണ്ടാംഭാവം’ എന്ന ചിത്രത്തില്‍ വീണ്ടും വിദ്യാസാഗറിനു വേണ്ടി സുജാത. ‘എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു’ എന്നു സുജാത പാടുമ്പോള്‍ ആ വരികള്‍ എത്ര കുറി ആവര്‍ത്തിച്ചു കേട്ടിരിക്കും നമ്മളില്‍ പലരും. ഗിരീഷ് പുത്തഞ്ചേരിയുടെ മനോരഹമായ വരികള്‍ കൂടിയാണ് പാട്ടിന്റെ കരുത്ത്. ജയചന്ദ്രനും സുജാതയും ചേര്‍ന്നാണ് പാട്ട് പാടിയത്.
മഞ്ഞു പെയ്യണ…
‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തില്‍ കാവ്യാമാധവനും കൂട്ടുകാരും ആടിത്തിമിര്‍ക്കുന്ന പാട്ട്. 1999-ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ട് ഇന്നും ഇന്‍സ്റ്റഗ്രാം റീലുകളില്‍ താരമാണ്. ‘കണ്ണെഴുതി പൊട്ടും തൊട്ട്, കള്ളനെയും കാത്തിരുന്നാല്‍, കാലം കരവിയും കാളിന്ദിപോലെ’ എന്ന് സുജാതയുടെ ശബ്ദത്തില്‍ എത്ര കൗമാരക്കാരികള്‍ സ്വപ്നം കണ്ടുകാണും. എസ്. രമേശന്‍ നായരാണ് ഈ പാട്ടിന് വരികള്‍ എഴുതിയത്.
എന്റെ എല്ലാമെല്ലാമല്ലേ…
‘മീശമാധവന്‍’ എന്ന ചിത്രം ഇറങ്ങിയ കാലത്ത് ഈ പാട്ടുണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ‘നിന്നോടു മിണ്ടില്ല ഞാന്‍, നിന്നോടു കൂട്ടില്ല ഞാന്‍’ എന്ന് പ്രണയവും പരിഭവവും കലര്‍ത്തി സുജാത പാടുമ്പോള്‍ കേള്‍ക്കുന്നവരുടെ ഹൃദയത്തില്‍ പരിഭവമലിഞ്ഞ് പ്രണയമൊഴുകി. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിട്ട ഈ ഗാനം ആലപിച്ചത് സുജാതയും യേശുദാസും ചേര്‍ന്നാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here