സുജാതയുടെ ദേശീയ അവാര്‍ഡ് അട്ടിമറിച്ചത് നോര്‍ത്ത് ഇന്ത്യന്‍ ലോബി; ശ്രേയ ഘോഷാലിനു വേണ്ടി അന്യായ ഇടപെടലുണ്ടായെന്ന് സിബിമലയില്‍; വീഡിയോ പുറത്ത്

തിരുവനന്തപുരം : 2007ല്‍ സുജാത മോഹന് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നല്‍കാനുളള ജൂറി തീരുമാനം അട്ടിമറിച്ചു. ജൂറിയംഗമായിരുന്ന പ്രമുഖ സംവിധായകന്‍ സിബിമലയിലാണ് ഒന്നര പതിറ്റാണ്ടിന് ശേഷം ഇക്കാര്യം വെളിപ്പെടുത്തുന്നത്. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത പരദേശി എന്ന ചിത്രത്തിലെ ‘തട്ടം പിടിച്ച് വലിക്കരുതേ’ എന്ന ഗാനത്തിന് അവാര്‍ഡ് നല്‍കാന്‍ ജൂറി തീരുമാനമെടുത്തിരുന്നു. ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ അന്നത്തെ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിന്റെ ചെയര്‍മാന്‍ തീരുമാനം തിരുത്താന്‍ ഇടപെട്ടുവെന്നാണ് സിബിമലയില്‍ പറയുന്നത്.

അദ്ദേഹം അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഇടപെടാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഭക്ഷണം കഴിക്കാനെന്ന വ്യാജേനെയെത്തി, ഏതെല്ലാം അവാര്‍ഡുകള്‍ തീരുമാനിച്ചുവെന്ന് ചോദിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള വനിതാ ജൂറിയംഗം വിവരങ്ങള്‍ പറഞ്ഞുകൊടുത്തു. ഗായികയുടെ അവാര്‍ഡ് തീരുമാനം പറഞ്ഞപ്പോള്‍, ജബ് വി മെറ്റ് എന്ന ചിത്രത്തിലെ പാട്ടുകള്‍ കേട്ടില്ലേയെന്ന് അദ്ദേഹത്തിന്റെ ചോദ്യം. ദേശീയ അവാര്‍ഡിന് പരിഗണിക്കുന്നതിനുള്ള മാനദണ്ഡപ്രകാരം ഓഡിയോ കാസറ്റ് അണിയറ പ്രവര്‍ത്തകര്‍ അയച്ചിരുന്നില്ല. അതിനാല്‍ പരിഗണിക്കാന്‍ കഴില്ലെന്ന് പറഞ്ഞപ്പോള്‍ നിമിഷനേരം കൊണ്ട് വീഡിയോ കാസറ്റ് എത്തിച്ച് എല്ലാവരെയും കേള്‍പ്പിച്ചു. തുടര്‍ന്ന് ശ്രേയ ഘോഷാലിന് അവാര്‍ഡ് നല്‍കാന്‍, ജൂറിയിലെ ഭൂരിപക്ഷത്തെ കൊണ്ട് തീരുമാനം എടുപ്പിക്കുകയായിരുന്നു; സിബിമലയില്‍ പറഞ്ഞു.

പരദേശി എന്ന ചിത്രത്തെ നാല് അവാര്‍ഡുകള്‍ക്ക് പരിഗണിക്കാമെന്ന് താനും ജൂറിയില്‍ ഒപ്പമുണ്ടായിരുന്ന ഛായാഗ്രാഹകന്‍ സണ്ണി ജോസഫും കണക്കുകൂട്ടിയിരുന്നു. മോഹന്‍ലാലിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അവസാനഘട്ടം വരെ പരിഗണിക്കുകയും ചെയ്തതാണ്. ആ വര്‍ഷം ലഭിച്ച എന്‍ട്രികളില്‍ ഏറ്റവും മികച്ചത് മോഹന്‍ലാലിന്റെ പ്രകടനം തന്നെയായിരുന്നുവെന്നും സിബിമലയില്‍ പറയുന്നു. എന്നാല്‍ കാഞ്ചീവരം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രകാശ് രാജിനാണ് ആ വര്‍ഷം അവാര്‍ഡ് ലഭിച്ചത്. ഈ അവാര്‍ഡിലും ഇടപെടലിന് ശ്രമമുണ്ടായെന്ന് സിബി മലയില്‍ പറയുന്നു. ‘മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാണെന്ന് അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേദിവസം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിന്റെ ചെയര്‍മാന്‍ ചോദിച്ചു. നാളെ പ്രഖ്യാപിക്കുമല്ലോയെന്ന് ഞാന്‍ മറുപടി കൊടുത്തു. ഷാരൂഖ് ഖാന് കൊടുത്താല്‍ കൊള്ളാമെന്ന് അദ്ദേഹത്തിന്റെ ശുപാര്‍ശ. എങ്കില്‍ പരിപാടി ഗ്രാന്‍ഡ് ആകുമെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’

ചാനലുകാര്‍ ആളെക്കൂട്ടാന്‍ അവാര്‍ഡ് കൊടുക്കുന്നത് പോലെയാണ് ദേശീയ അവാര്‍ഡിനെ ഇവരൊക്കെ കാണുന്നത്. അവിടെ പോയിട്ടാണ് നമ്മുടെ ആളുകളൊക്കെ വാങ്ങിവരുന്നതെന്ന് ഓര്‍ക്കണമെന്നും സിബി മലയില്‍ പറഞ്ഞു. പട്ടണം റഷീദിന് മേക്കപ്പ്മാനുള്ള അവാര്‍ഡ് മാത്രമാണ് പരദേശിക്ക് കിട്ടിയ പുരസ്‌കാരം. പി ടി കുഞ്ഞുമുഹമ്മദിനെ ആദരിക്കാന്‍, പിടി കലയും കാലവും എന്ന പേരില്‍ കേരള സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാംസ്‌കാരിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു സിബിമലയില്‍.

സുജാതയ്ക്ക് ഇതുവരെയും ദേശീയ അവാര്‍ഡ് ലഭിച്ചിട്ടില്ല. ഏറ്റവും അര്‍ഹമായ അവാര്‍ഡാണ് അന്ന് സുജാതയ്ക്ക് നഷ്ടമായതെന്നാണ് മുന്‍പേയുള്ള വിലയിരുത്തല്‍. ഇതിന് പിന്നില്‍ നടന്ന ഗൂഡാലോചനയുടെ യഥാര്‍ത്ഥ ചിത്രമാണ് ഒന്നര പതിറ്റാണ്ടിന് ശേഷം വെളിവാകുന്നത്.

Logo
X
Top