മതകോടതിയുടെ ടോയ്‌ലറ്റ് ക്ലീനിംഗ് ശിക്ഷ അനുസരിച്ച് പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി; കഴുത്തിൽ ഫലകവും കയ്യിൽ കുന്തവുമായി സുവർണ ക്ഷേത്രത്തിൽ

തനിക്കും പാർട്ടി നേതാക്കൾക്കും എതിരെ മതകോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിച്ച് പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും അകാലിദൾ നേതാവുമായ സുഖ്ബീർ സിംഗ് ബാദൽ. അമൃത്‌സറിലെ സുവർണ ക്ഷേത്രം ഉൾപ്പെടെയുള്ള വിവിധ ഗുരുദ്വാരകളിലെ അടുക്കളകളും കുളിമുറികളും വൃത്തിയാക്കാനുള്ള ശിക്ഷയാണ് സിഖുകാരുടെ പരമോന്നത സംഘടനയായ അകാൽ തഖ്ത് ഇന്നലെ വിധിച്ചത്. ഡിസംബർ മൂന്നിന് മുമ്പ് മതകോടതി വിധി അനുസരിക്കാനായിരുന്നു ഉത്തരവ്. സിഖ് വിശ്വാസത്തിൽ ‘തൻഖാ’ എന്ന് വിളിക്കപ്പെടുന്ന മതപരമായ ശിക്ഷയാണ് ബാദലിനും നേതാക്കൾക്കും നൽകിയത്. രണ്ടുദിവസം കഴുത്തില്‍ പ്ലക്കാര്‍ഡ് ധരിച്ച്, കൈയില്‍ കുന്തം പിടിച്ച് ഗുരുദ്വാരക്ക് കാവല്‍ നില്‍ക്കണമെന്നതും ശിക്ഷാ നടപടികളില്‍ ഉള്‍പ്പെടുന്നു.

ഇന്ന് രാവിലെ സുവർണ ക്ഷേത്രത്തിൽ കഴുത്തിൽ ഫലകവും കൈയിൽ കുന്തവുമായി ഗേറ്റിന് സമീപം വീൽചെയറിൽ ഇരുന്ന് ശിക്ഷ ബാദലും നേതാക്കളും ഏറ്റെടുത്തു. 2007 മുതൽ 2017 വരെ പഞ്ചാബിലെ അകാലിദൾ സർക്കാർ ചെയ്ത സിഖ് സമുദായത്തോട് ചെയ്തിട്ടുള തെറ്റുകൾക്കുള്ള മതപരമായ ശിക്ഷയാണ് മതകോടതി വിധിച്ചത്. സുവർണക്ഷേത്രത്തിന് സമീപമാണ് കാലാതീതമായ ദൈവത്തിന്റെ സിംഹാസനം എന്നറിയപ്പെടുന്ന അകാല്‍ തഖ്ത് സ്ഥിതി ചെയ്യുന്നത്. സിഖ് മതവിശ്വാസവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളെല്ലാം അവിടെയുള്ള പുരോഹിതരാണ് എടുക്കുക.

Also Read: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിക്ക് മതകോടതിയുടെ ടോയ്‌ലറ്റ് ക്ലീനിംഗ് ശിക്ഷ; അകാൽ തഖ്ത് നടപടി നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടർന്ന്

സുഖ്ബീർ സിംഗ് ബാദലിൻ്റെ പിതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദലിന് 2011ൽ നൽകിയ ഫഖ്ർ ഇ ക്വാം (സിഖ് സമൂഹത്തിൻ്റെ അഭിമാനം) ബഹുമതിയും എടുത്തുകളഞ്ഞിരുന്നു. സിഖ് സമൂഹത്തിന് നൽകിയ സേവനങ്ങൾ മാനിച്ചായിരുന്നു ഈ അംഗീകാരം നൽകിയിരുന്നത്. അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന പ്രകാശ് സിംഗ് ബാദൽ കഴിഞ്ഞ വർഷം ഏപ്രിലിൽ അന്തരിച്ചു. സുഖ്ബീർ ബാദലിനൊപ്പം 2015ൽ മന്ത്രിസഭാംഗങ്ങളായിരുന്ന അകാലിദൾ നേതാക്കള്‍ക്കും മറ്റ് പാർട്ടി കോർ കമ്മറ്റി അംഗങ്ങൾക്കുമാണ് മത കോടതി ശിക്ഷ വിധിച്ചിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top