തോട്ടിപ്പണി അച്ഛന്റെ ജീവനെടുത്തു, ഞങ്ങള്‍ക്കും മക്കള്‍ക്കും ജീവിക്കണം, അതിനാണ് സുപ്രീം കോടതി വരെ പോയത്: സുന്ദര്‍രാജ് മാധ്യമ സിന്‍ഡിക്കറ്റിനോട്
കൊല്ലം : തോട്ടിപ്പണി പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി ഇടപെടലിന് പിന്നില്‍ സഭായ് കര്‍മ്മചാരി ആന്തോളന്‍ എന്ന സംഘടനയാണ്. ഇതിന്റെ കേരള കണ്‍വീനര്‍ എം.സുന്ദര്‍രാജ് ഈ പോരാട്ടത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. തോട്ടിപ്പണിക്കാരായ മാതാപിതാക്കളുടെ മകനായി ജനിച്ച സുന്ദര്‍രാജിന് ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ദുരിത പൂര്‍ണ്ണമായ അവസ്ഥ ആരും പറഞ്ഞു നല്‍കേണ്ട കാര്യമില്ല. തന്റെ ജീവിതത്തെക്കുറിച്ചും തോട്ടിപ്പണിക്കാര്‍ക്കായി നടത്തിയ പോരാട്ടത്തെ കുറിച്ചും സുന്ദര്‍രാജ് മാധ്യമ സിന്‍ഡിക്കറ്റിനോട് സംസാരിക്കുന്നു.
മാതാപിതാക്കളുടെ ദുരിത ജീവിതം
കൊല്ലം കപ്പലണ്ടിമുക്ക് മുന്‍സിപ്പല്‍ കോളനിയിലെ മാടസ്വാമി പാപ്പാത്തി ദമ്പതികളുടെ മകനാണ് സുന്ദര്‍രാജ്. സുന്ദര്‍രാജിന്റെ അച്ഛന്‍ തോട്ടിപ്പണി മൂലമുള്ള അസുഖങ്ങള്‍ മൂലമാണ് മരണമടഞ്ഞത്. അതിനു പിന്നാലെ അമ്മ പാപ്പാത്തി തോട്ടപ്പണിക്കിറങ്ങി. 1982 ല്‍ സംസ്ഥാന സര്‍ക്കാര്‍ തോട്ടിപ്പണി നിര്‍ത്തുന്നതു വരെ ഈ ജോലി ചെയ്താണ് സുന്ദര്‍രാജിനെ മാതാവ് വളര്‍ത്തിയത്. ഇവരുടെ ദുരിത ജീവിതം കണ്ട് വളര്‍ന്നതു കൊണ്ട് തന്നെ ഇത് ചെയ്യുന്നവരുടെ ദുരവസ്ഥ സുന്ദര്‍രാജിന് മനപാഠമാണ്. അതുകൊണ്ട് തന്നെയാണ് വളര്‍ന്നപ്പോള്‍ ഇവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിനായിറങ്ങിയത്. ചുറ്റുമുള്ളവരെ ബോധവത്കരിച്ച് ആരംഭിച്ച പ്രവര്‍ത്തനം ഇന്ന് രാജ്യം മുഴുവന്‍ വ്യാപിച്ചു നില്‍ക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി. കഴിഞ്ഞ പത്ത് വര്‍ഷമായി തോട്ടി തൊഴിലാളികളുടെ പുനരധിവാസവും ബോധവത്കരണവും അടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി സുന്ദര്‍രാജ് സജീവമാണ്.
ജോലി ഇരുട്ടിന്റെ മറവില്‍. വെളിപ്പെടുത്താനും തയാറാകുന്നില്ല.
തോട്ടിപ്പണി നിരോധന നിയമം 2013ല്‍ തന്നെ പ്രാബല്യത്തില്‍ വന്നതാണ്. എന്നാല്‍ ഇത് പൂര്‍ണ്ണമായും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് ലജ്ജാകരമെന്നാണ് ഇന്നലെ സുപ്രീം കോടതി തന്നെ ചൂണ്ടികാണിച്ചത്. പഴയ രീതിയിലല്ലെങ്കിലും മറ്റൊരു തരത്തില്‍ തോട്ടിപ്പണി സെപ്റ്റിടാങ്കുകള്‍ വൃത്തിയാക്കുന്നതും മാന്‍ഹോളുകളില്‍ മനുഷ്യര്‍ ഇറങ്ങി ജോലി ചെയ്യുന്നതും ഇന്നും പതിവ് കാഴ്ചയാണ്. ഇതിലൊരുമാറ്റമാണ് വേണ്ടതെന്ന് സുന്ദര്‍ രാജ് പറയുന്നു. പലപ്പോഴും ഇരുട്ടിന്റെ മറവിലാണ് ഈ തൊഴില്‍ ചെയ്യുന്നത്. ഇത്തരത്തില്‍ മാറ്റുന്ന മനുഷ്യവിസര്‍ജ്ജ്യമടക്കമുള്ള മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ പലസ്ഥലങ്ങളിലായി ഉപേക്ഷിക്കേണ്ടി വരാറുണ്ട്. അതിനാല്‍ തന്നെ ഈ ജോലി ചെയ്യുന്നവര്‍ തൊഴില്‍ ആരോടും പറയാറില്ല. മറ്റുള്ളവര്‍ ദൂരസ്ഥലങ്ങളില്‍ പോപി ജോലി ചെയ്യുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായൊരു കണക്കെടുപ്പ് ഈ മേഖലയില്‍ നടന്നിട്ടില്ല. സാമൂഹികമായുണ്ടാകുന്ന മാറ്റിനിര്‍ത്തലും ഇത്തരം ജോലി ചെയ്യുന്നവര്‍ അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ തൊഴില്‍ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതെന്നാണ് സുന്ദര്‍രാജിന്റെ അനുഭവം.
എങ്ങുമെത്താത്ത സര്‍വ്വേ.
തോട്ടി തൊഴില്‍ എടുക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സര്‍വ്വേയെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഒന്നും കാര്യമായി നടക്കുന്നില്ല. കേന്ദ്രസര്‍ക്കാറിന്റെ കണക്കനുസരിച്ച് അറുപതിനായിരത്തിന് അടുത്ത് തൊഴിലാളികള്‍ ഈ മേഖലയിലുണ്ടെന്നാണ് കണക്ക്. എന്നാല്‍ കൃത്യമായൊരു പഠനം ഉണ്ടായിട്ടില്ല. കേരളത്തിലും സ്ഥിതിയിതാണെന്നാണ് സുന്ദര്‍ രാജ് പറയുന്നത്. ആലപ്പുഴ, എറണാകുളം, കൊല്ലം, പാലക്കാട് ജില്ലകളിലാണ് തോട്ടി തൊഴിലാളികളുടെ സര്‍വ്വേ നടന്നിട്ടുള്ളത്. അതും പൂര്‍ണ്ണമായൊരു സര്‍വ്വേയാണെന്ന് പറയാന്‍ കഴിയില്ല. ഈ സര്‍വ്വേയില്‍ പങ്കെടുത്തവര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം നാഷണല്‍ സഭായ് കര്‍മ്മചാരി ഫിനാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ വഴി 40000 രൂപ സഹായം ലഭിച്ചിട്ടുണ്ട്. സര്‍വ്വേയില്‍ പങ്കെടുത്താല്‍ സഹായം ലഭിക്കുമെന്ന വിവരം ലഭിച്ച് അനര്‍ഹരും ഈ പട്ടികയില്‍ കടന്ന് കൂടിയിട്ടുണ്ട്. ആലപ്പുഴ 5, എറണാകുളം 141, കൊല്ലം 249, പാലക്കാട് 123 എന്നിങ്ങനെയാണ് നടന്ന സര്‍വ്വേ പ്രകാരം തോട്ടി തൊഴിലാളികളുടെ കണക്ക്. തോട്ടി പണിയെടുക്കുന്നവര്‍ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്ന പരാതിയും സുന്ദര്‍രാജ് ഉയര്‍ത്തുന്നുണ്ട്. ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപകടത്തില്‍പെട്ടാല്‍ 20 ലക്ഷം, അപകടത്തില്‍ മരണപ്പെട്ടാല്‍ 30 ലക്ഷം എന്നിങ്ങനെ നഷ്ടപരിഹാരം ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ കൃത്യമായ സര്‍വ്വേ ആവശ്യമാണ്. അതിനുള്ള ബോധവത്കരണ പരിപാടികളിലാണ് സുന്ദര്‍രാജ് ഇപ്പോള്‍.
ഞങ്ങളെ കൊല്ലരുത്. രാജ്യവ്യാപക പ്രചാരണം.
കൃത്യമായ യന്ത്രവത്കരണവും ക്രമീകരണങ്ങളും ഒരുക്കാത്ത ഭരണകൂടവും തോട്ടി പണിയിലേക്ക് ആളുകളെ തള്ളിവിടുന്നതിന് കാരണമാകുന്നുണ്ടെന്നാണ് സുന്ദര്‍രാജ് ആരോപിക്കുന്നത്. അതിനെതിരെ ഞങ്ങളെ കൊല്ലരുത് എന്ന ക്യാംപയിനാലാണ് സുന്ദര്‍രാജും സഭായ് കര്‍മ്മചാരി ആന്തോളന്‍ എന്ന സംഘടനയും. തന്റെ കുട്ടിക്കാ ലത്തെ അനുഭവങ്ങള്‍ മറ്റൊരു കുട്ടിയ്ക്കും ഉണ്ടാകരുതെന്നാണ് സുന്ദര്‍രാജിന്റെ ആഗ്രഹം. കേരളത്തില്‍ തോട്ടി തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി ക്ലീനിങ്ങ് ജോലി യന്ത്രസഹായത്തില്‍ ചെയ്യുന്നതിനുളള പരിശീലനം നല്‍കുന്ന പദ്ധതി തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. തയ്യല്‍ പരിശീലനത്തിന്റെ കാര്യവും ഇത് തന്നെയാണ്. ഇതില്‍ മാറ്റമാണ് സുന്ദര്‍രാജ് ആവശ്യപ്പെടുന്നത്. പുനരധിവാസം, സ്വയംതൊഴില്‍, കുട്ടികളുടെ വിദ്യാഭ്യാസം എന്നിങ്ങനെയുള്ള ഇടപെടലുണ്ടായാല്‍ മാത്രമേ ഇവരുടെ ഉന്നമനം സാധ്യമാവുകയുള്ളൂ.
ജീവിതം പൂര്‍ണ്ണമായും ഈ തൊഴിലാളികള്‍ക്ക്.
അവിവാഹിതനായ സുന്ദര്‍രാജ് എന്ന അമ്പത്തിയൊന്നുകാരന്‍ തന്റെ ജീവിതം പൂര്‍ണ്ണമായും ഈ തോട്ടി തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനത്തിനായി മാറ്റിവച്ചിരിക്കുകയാണ്. മാന്‍ഹോളിലിറങ്ങി ജോലി ചെയ്യുന്നവരുടെ ജീവിതം ചിത്രീകരിച്ച മാന്‍ഹോള്‍ എന്ന സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റായും സുന്ദര്‍രാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം നഗരസഭയില്‍ ക്ലീനിംഗ് ജോലി ചെയ്യുന്ന സുന്ദര്‍രാജിനല്ലാതെ ആര്‍ക്കാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ കഴിയുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here