സുനിത്യാ വില്യംസിനെ എന്ന് ഭൂമിയിലെത്തിക്കാൻ കഴിയും? നിർണായക പ്രഖ്യാപനത്തിന് നാസ
ബഹിരാകാശത്ത് കുടങ്ങിയ ബഹിരാകാശ യാത്രികരായ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരുടെ മടക്കയാത്രയില്‍ നാളെ സുപ്രധാന തീരുമാനം. നാസഅന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലോ സ്പേസ് എക്സിന്റെ ക്രൂ 9 പേടകത്തിലോ തിരികെ എത്തിക്കാനാണ് നീക്കം. വിവിധതലത്തിലുള്ള കൂടിയാലോചനകളും പരിശോധനകളും നാസയില്‍ തുടരുകയാണ്.
സ്റ്റാര്‍ലൈനര്‍ പേടകം സുരക്ഷിതമാണെന്ന് നിര്‍മ്മാതാക്കളായ ബോയിങ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ നാസയിലെ ശാസ്ത്രഞ്ജര്‍ ഇതില്‍ വിയോജിപ്പിലാണ്. പേടകത്തിലെ ഹീലിയം ചോര്‍ച്ചയായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്ത പ്രശ്‌നം. പിന്നാലെ ദിശ നിയന്ത്രിക്കുന്നതിനുള്ള 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണത്തില്‍ തകരാര്‍ കണ്ടെത്തി. ഇതില്‍ നാലെണ്ണത്തിന്റെ തകരാര്‍ പരിഹരിച്ചിട്ടുണ്ട്. എന്നിരുന്നാലും സുരക്ഷിതമായ മടക്ക യാത്രക്ക് ഇത് മതിയാകില്ലെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിക്കുന്നത്.
മടക്കയാത്രയില്‍ നിരവധി വെല്ലുവിളികളാണ് കണ്ടെത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും സാങ്കേതിക തകരാര്‍ പരിഹരിക്കാത്ത സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ഭൂമിയിലേക്കുള്ള പ്രവേശനം പരാജയപ്പെട്ടാല്‍ 96 മണിക്കൂര്‍ നേരത്തേക്ക് മാത്രമുള്ള ഓക്സിജനുമായി യാത്രികര്‍ കുടങ്ങി പോകും. അതോടൊപ്പം പേടകത്തിലെ താപകവചം പരാജയപ്പെടാനും സാധ്യതയുണ്ട്. ഇത് പേടകത്തിനുള്ളിലെ താപനില വലിയ രീതിയില്‍ വര്‍ദ്ധിക്കാന്‍ കാരണമാകും. ഇവയെല്ലാം എങ്ങനെ പരിഹരിക്കും എന്നതിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. അതിനാലാണ് ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സുമായി ചേര്‍ന്ന് ഒരു റെസ്‌ക്യൂ മിഷനുമായി മുന്നോട്ട് പോകാം എന്ന അഭിപ്രായം ഉയരുന്നത്. സെപ്തംബര്‍ മാസത്തില്‍ നിശ്ചയിച്ചിട്ടുള്ള സ്പേസ് എക്സിന്റെ ദൗത്യത്തില്‍ ക്രൂ ഡ്രാഗണില്‍ രണ്ട് ഇരിപ്പിടങ്ങള്‍ ഒരുക്കി ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. 2020ല്‍ സ്പേസ് എക്സ് സഞ്ചാരികളെ ക്രൂ ഡ്രാഗണ്‍ വഴി ബഹിരാകാശത്തെത്തിച്ചിരുന്നു. അതിനാലാണ് ഈ സാധ്യതകളെ കുറിച്ചും ആലോചന നടക്കുന്നത്. നാളെയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്തേക്ക് പോയത്. ജൂണ്‍ ഏഴിന് ബഹിരാകാശ നിലയത്തിലെത്തി. 7 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ തകരാര്‍ കാരണം മടക്കയാത്ര വൈകുകയാണ്. നാസയുടെ സ്പേസ് ഷട്ടില്‍ വിരമിച്ചതോടെ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാനും തിരിച്ചു കൊണ്ടുവരാനും നാസ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here