സുനിതാ വില്യംസിന് തലച്ചോറിന് ആഘാതം അടക്കം പ്രശ്നങ്ങൾക്ക് സാധ്യത; മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയിൽ നാസ

നാസയുടെ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തി 66 ദിവസമായി കുടുങ്ങികിടക്കുന്ന സുനിതാ വില്ല്യംസിന്റെ ആരോഗ്യത്തില്‍ കടുത്ത ആശങ്ക. അനന്തമായി നീളുന്ന ബഹിരാകാശവാസം പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതില്‍ തലച്ചോറിനുള്ള ആഘാതമാണ് ഏറെ ഗൗരവകരം. ചിന്തിക്കാനും ഓര്‍മിക്കാനും തീരുമാനം എടുക്കാനുമുള്ള കഴിവുകളെ ബാധിക്കുന്നതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യതയെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഓക്‌സിജന്റെ അഭാവമാണ് മസ്തിഷ്‌ക തകരാറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറില്‍ ഉണ്ടായ സാങ്കേതിക തകരാറാണ് സുനിതാ വില്ല്യംസിന്റെയും സഹയാത്രികനായ ബച്ച് വില്‍മോറിന്റേയും മടക്കയാത്ര വൈകിപ്പിക്കുന്നത്. ജൂണ്‍ ആറിനാണ് ഇരുവരും ബഹിരാകാശത്ത് എത്തിയത്. ഒന്‍പത് ദിവസം മാത്രമുള്ള ഹ്രസ്വദൗത്യമാണ് ഇപ്പോള്‍ രണ്ട് മാസവും പിന്നിട്ട് മുന്നോട്ടു പോകുന്നത്. പേടകത്തിലെ ഹീലിയം വാതക ചോര്‍ച്ചയാണ് പ്രതിസന്ധിയാകുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല.

ബഹിരാകാശത്തെ അന്തരീക്ഷം മനുഷ്യന്റെ ആരോഗ്യത്തെ പലരീതിയില്‍ മോശമായി ബാധിക്കുന്നതാണ്. മൈക്രോഗ്രാവിറ്റി കാരണമുള്ള അസ്ഥിക്ഷയം, ഫ്‌ളൂയിഡ് റീഡിസ്ട്രിബ്യൂഷന്‍ അഥവാ ശരീരദ്രവങ്ങളുടെ അസന്തുലിതമായ വ്യാപനം, ഓക്‌സിജന്റെ അഭാവം മൂലമുള്ള മസ്തിഷ്‌ക തകരാര്‍ എന്നിവ ഇവയില്‍ ചിലത് മാത്രമാണ്.

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഓക്‌സിജന്റെ അളവ് ക്യത്യമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജീവന്‍ നിലനിര്‍ത്താനുളള ഓക്‌സിജന്‍ ലഭിക്കുന്നുണ്ടെങ്കിലും കൃത്യമായ അളവില്‍ ബഹിരാകാശ യാത്രികര്‍ക്ക് ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. ഹ്രസ്വകാലത്ത് പോലും ഈ അവസ്ഥ ഗൗരവകരമാണ്. അതിനാല്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ഈ അവസ്ഥ അപകടം ഉണ്ടാക്കും. ഓര്‍മ്മ നഷ്ടപ്പെടല്‍, മറ്റ് ന്യൂറോ പ്രശ്‌നങ്ങള്‍ എന്നിവക്കുളള ആശങ്കയും വിദഗ്ദധര്‍ പങ്കുവക്കുന്നുണ്ട്.

മറ്റൊരുപ്രശ്‌നം മൈക്രോഗ്രാവിറ്റിയാണ്. ഗുരുത്വാകര്‍ഷണത്തിന്റെ അഭാവം പേശികളുടെ ബലത്തേയും എല്ലുകളുടെ സാന്ദ്രതയേയും മോശമായി ബാധിക്കും. ബഹിരാകാശ യാത്രികരുടെ ശരീരത്തിന്റെ കീഴ്ഭാഗത്തെയും പുറകുവശത്തെയും മസിലുകളുടെ ശക്തി കുറക്കാം. ഇത് ശരീരഭാരം താങ്ങാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ഇത് കൂടാതെയാണ് ഫ്‌ളൂയിഡ് റീഡിസ്ട്രിബ്യൂഷന്‍ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ.

ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാൽ മറ്റെന്തും പോലെ ശരീരത്തിലെ ദ്രാവകങ്ങളെല്ലാം (Body Fluids) പലവഴിക്ക് നീങ്ങും. ഇവ മുകളിലേക്ക് മാറി മുഖത്തിൻ്റെ ഭാഗത്തെത്തിയാൽ വീക്കമുണ്ടാകും. കാലുകളിലും പാദത്തിലും ഫ്‌ളൂയിഡ് കുറയുന്നതിനും ഇതിന് കാരണമാകും. ഇതുകൂടാതെ എല്ലുകള്‍ക്ക് ധാതുക്കളുടെ നഷ്ടം ഉണ്ടാകുകയും ചെയ്യാം. ഫ്‌ളൂയിഡിന്റെ വിതരണത്തിൽ ഉണ്ടാകുന്ന മാറ്റങ്ങള്‍ യൂറിനറി സിസ്റ്റത്തെയും ബാധിക്കാം. ബഹിരാകാശ യാത്രികര്‍ക്ക് മൂത്രത്തില്‍ കാല്‍സ്യം അടിഞ്ഞുകൂടി വൃക്കയില്‍ കല്ല് രൂപപ്പെടാനുള്ള സാധ്യതയും ഉണ്ട്.

ഇതുകൂടാതെയാണ് മാനസികമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍. കൃത്യമായ ആസൂത്രണവും മാനസിക തയാറെടുപ്പുകളുമില്ലാതെ ദീര്‍ഘനാള്‍ ബഹിരാകാശത്ത് കുടുങ്ങുന്നത് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (പിടിഎസ്ഡി) പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top