സുനിത വില്യംസിന്റെ ഭൂമിലേക്കുള്ള മടക്കം ഇനിയും വൈകും; ഫെബ്രുവരിയില്‍ ദൗത്യമെന്ന് നാസ

ബഹിരാകാശത്ത് കുടങ്ങിയ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരുടെ മടക്കയാത്രയില്‍ തീരുമാനം പ്രഖ്യാപിച്ച് നാസ. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ക്രൂ- 9 മിഷന്റെ ഡ്രാഗണ്‍ സ്പെയ്സ് ക്രാഫ്റ്റില്‍ ഇരുവരേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചു. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ഇവരെ മടക്കി കൊണ്ടുവരുന്നതില്‍ അപകട സാധ്യത കൂടുതലാണെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നാസ എത്തിയത്.

സ്റ്റാര്‍ലൈനര്‍ പേടകം സുരക്ഷിതമാണെന്ന് നിര്‍മ്മാതാക്കളായ ബോയിങ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ നാസയിലെ വിദഗ്ദ്ധര്‍ ഇത് അംഗീകരിച്ചില്ല. ഇതോടെ ഇരുവരുമില്ലാതെ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ഭൂമിയിലേക്ക് തിരിക്കും. ജൂണ്‍ അഞ്ചിനാണ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി സുനിത വില്യംസ്, ബുച്ച് വില്‍മര്‍ എന്നിവര്‍ ബഹിരാകാശ നിലയത്തിലെത്തിയത്. പേടകത്തിലെ ഹീലിയം ചോര്‍ച്ചയായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്ത പ്രശ്നം. പിന്നാലെ ദിശ നിയന്ത്രിക്കുന്നതിനുള്ള 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണത്തില്‍ തകരാര്‍ കണ്ടെത്തി. ഇതില്‍ നാലെണ്ണത്തിന്റെ തകരാര്‍ പരിഹരിച്ചിട്ടുണ്ട്. എന്നിരുന്നാലും സുരക്ഷിതമായ മടക്ക യാത്രക്ക് ഇത് മതിയാകില്ലെന്നാണ് നാസയുടെ വിലയിരുത്തല്‍.

ഇതോടെയാണ് സ്‌പേസ് എക്‌സിന്റെ ക്രൂ- 9 മിഷന്റെ ഡ്രാഗണ്‍ സ്പെയ്സ് ക്രാഫ്റ്റില്‍ ഇരുവരേയും തിരികെയെത്തിക്കാന്‍ തീരുമാനമായത്. എന്നാല്‍ ഇരുയാത്രികരുടേയും മടക്കത്തിന് ഇനിയും സമയം എടുക്കും. അടുത്ത വര്‍ഷം ഫെബ്രുവരിയിലാകും ഇരുവരേയും തിരികെ എത്തിക്കാനുള്ള ദൗത്യം നടക്കുക. ഇതോടെ ഏഴ് ദിവസത്തേക്ക് മാത്രം നിശ്ചയിച്ച ദൗത്യം എട്ടു മാസത്തോളം നീളുന്ന സ്ഥിതിയുണ്ടാകും.

സെപ്റ്റംബര്‍ ആദ്യത്തോടെ സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നാസ നടത്തും. ഇതിനു ശേഷമാകും സ്‌പേസ് എക്‌സിന്റെ ദൗത്യം നടക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top