ഐപിഎല്ലിൽ എറ്റവും ഉയർന്ന പ്രതിഫലം നൽകാൻ സൺ റൈസേഴ്സ്; 21 കോടിയുമായി ലഖ്നൗ തൊട്ടു പിന്നിൽ
ഐപിഎൽ മെഗാ താരലേലത്തിനു മുന്നോടിയായി ടീമുകൾ നിലനിർത്തുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം ദക്ഷിണാഫ്രിക്കയുടെ ഹെൻ്റിച്ച് ക്ലാസന്. ക്ലാസൻ ഉൾപ്പെടെ അഞ്ചു താരങ്ങളെയാണ് സൺറൈസേഴ്സ് ഹൈദരാബാദ് നിലനിർത്തിയത്. 23 കോടി രൂപയാണ് ക്ലാസന് നൽകുന്നത്. നായകൻ പാറ്റ് കമ്മിൻസ് (18 കോടി), അഭിഷേക് ശർമ (14 കോടി), നിതീഷ് റെഡ്ഡ് (ആറു കോടി), ട്രാവിസ് ഹെഡ് (14 കോടി) എന്നിവരാണ് നില നിർത്തിയ മറ്റുള്ളവർ. 45 കോടി രൂപയാണ് ടീമിന്‍റെ കൈയിൽ ബാക്കിയുള്ളത്.
ലഖ്നൗ സൂപ്പർ ജയന്‍റ്സ് ദക്ഷിണാഫ്രിക്കയുടെ നിക്കോളാസ് പുരാനെ 21 കോടി രൂപയ്ക്ക് നിലനിർത്തിയതാണ് രണ്ടാം സ്ഥാനത്ത്. നായകൻ കെഎൽ രാഹുലിനെ ഒഴിവാക്കി അഞ്ചു താരങ്ങളെ ടീംനിലനിർത്തി. രവി ബിഷ്ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മുഹ്സിൻ ഖാൻ (നാലു കോടി), അയുഷ് ബദോനി (നാലു കോടി) എന്നിവരാണ് നിലനിർത്തിയ മറ്റു താരങ്ങൾ. 69 കോടി രൂപയാണ് ടീമിന്‍റെ കൈയിൽ ശേഷിക്കുന്നത്.
ഡൽഹി കാപിറ്റൽസ് നാലു താരങ്ങളെ നിലനിർത്തി. 16.5 കോടി നൽകിയ അക്സർ പട്ടേലാണ് ടീമിലെ ഏറ്റവും വിലയേറിയ താരം 16.5 കോടി. നായകൻ ഋഷഭ് പന്തിനെ ടീം ഒഴിവാക്കി. കുൽദീപ് യാദവ് (13.25 കോടി), ട്രിസ്റ്റൻ സ്റ്റബ്സ് (10 കോടി), അഭിഷേക് പൊറൽ (നാലു കോടി) എന്നിവരാണ് നിലനിർത്തിയ താരങ്ങൾ. 73 കോടി രൂപ ബാക്കിയുണ്ട്.
നായകനും മലയാളി താരവുമായ സഞ്ജു സാംസണിനെയും യുവതാരം യശസ്വി ജയ്സ്വാളിനെയും 18 കോടി വീതം നൽകി രാജസ്ഥാൻ റോയൽസ് നില നിർത്തി. റിയാൻ പരാഗ് (14 കോടി), ധ്രുവ് ജുറെൽ (14 കോടി), ഷിമ്രോൺ ഹെറ്റ്മെയർ (11 കോടി), സന്ദീപ് ശർമ (നാലു കോടി) എന്നിവരാണ് രാജസ്ഥാൻ നിലനിർത്തിയ മറ്റു താരങ്ങൾ. 41 കോടി രൂപയാണ് ഇനി ടീമിന്‍റെ കൈയിൽ ബാക്കിയുള്ളത്.
ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനും രവീന്ദ്ര ജഡേജയ്ക്കും 18 കോടി രൂപ വീതം നൽകി ചെന്നൈ നിലനിർത്തിയിട്ടുണ്ട്. 18 കോടി രൂപ നൽകി മുംബൈ ഇന്ത്യൻസ് ഇന്ത്യൻ പേസർ ബുമ്രയെ നിലനിർത്തി. മുൻ ക്യാപ്റ്റൻ രോഹിത് ശർമ അടുത്ത സീസണിലും തുടരും. 16.30 കോടിയാണ് രോഹിത്തിന് നൽകുന്നത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയേയും സൂര്യകുമാർ യാദവിനേയും 16.35 കോടി രൂപ നൽകി നിലനിർത്തിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യ തന്നെ അടുത്ത സീസണിലും മുംബൈയെ നയിക്കുമെന്ന് ഉറപ്പാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here