രജനിക്കൊപ്പം ഫഹദ് എത്തുമോ? സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തലസ്ഥാനത്ത്

തിരുവനന്തപുരം: തൻ്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി സൂപ്പര്‍താരം രജനികാന്ത് തിരുവനന്തപുരത്ത് എത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് രജനി തലസ്ഥാനത്ത് വിമാനമിറങ്ങിയത്. ജയ് ഭീം എന്ന ചലച്ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘തലൈവര്‍ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. ജ്ഞാനവേലിൻ്റെ മൂന്നാമത്തെ ചിത്രമാണ് ‘തലൈവര്‍ 170’. എത്ര ദിവസത്തെ ചിത്രീകരണമാണ് കേരളത്തില്‍ എന്ന് ഇതുവരെ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല .
മലയാളി താരം മഞ്ജു വാര്യരും പുതിയ രജനി ചിത്രത്തിൻ്റെ ഭാഗമാകുമെന്ന് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രമാണ് ‘തലൈവര്‍ 170’. ഇതുവരെ പ്രത്യക്ഷപ്പെടാത്ത വേഷത്തിലാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം.
മലയാളി താരം ഫഹദ് ഫാസിൽ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിൻ്റെ സ്റ്റാർ കാസ്റ്റ് പുറത്തു വിടുന്ന തിരക്കിലാണ് നിർമ്മാതാക്കൾ. വരും ദിവസങ്ങളിൽ സ്റ്റാർ കാസ്റ്റ് പുറത്തുവിടുന്നത് പുരോഗമിക്കുമ്പോൾ ഫഹദും ചിത്രത്തിൻ്റെ ഭാഗമാണോ എന്നറിയാൻ കഴിയും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here