കെഎസ്ആർടിസിക്ക്‌ പിന്നാലെ സപ്ലൈകോയും പൂട്ടലിലേക്കെന്ന് വി.ഡി സതീശൻ; കെഎസ്ഇബിയും പ്രതിസന്ധിയിൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയും സപ്ലൈകോയും തകരുകയാണെന്നും വൈദ്യുതി ബോര്‍ഡ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നാലായിരത്തോളം കോടി രൂപയാണ് സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്. 1500 കോടിയോളം രൂപ കരാറുകാര്‍ക്ക് നല്‍കാനുള്ളതിനാല്‍ മൂന്ന് മാസമായി ഇ ടെന്‍ഡറില്‍ ആരും പങ്കെടുക്കുന്നില്ല. നെല്ല് സംഭരിച്ചതിനും കോവിഡ് കാലത്തെ കിറ്റ് വിതരണം ചെയ്തിനുമുള്ള പണം ഇപ്പോഴും നല്‍കിയിട്ടില്ല. സപ്ലൈകോ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

ഓരോ സ്ഥാപനങ്ങളും തകരുകയാണ്. അടുത്തതായി വൈദ്യുതി ബോര്‍ഡാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. 1957 മുതല്‍ 2016 വരെ 1083 കോടിയായിരുന്ന കെ.എസ്.ഇ.ബിയുടെ കടം ഏഴ് വര്‍ഷം കൊണ്ട് നാല്‍പ്പതിനായിരം കോടിയായി. അഴിമതിയുടെ കെടുകാര്യസ്ഥതയുമാണ് ഈ സ്ഥാപനത്തെ തകര്‍ത്തത്. രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നു പോകുമ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ടൂര്‍ പോയിരിക്കുന്നത്. അതുകൊണ്ടാണ് അതിനെ അശ്ലീല നാടകമെന്ന് വിശേഷിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷം രൂപയുടെ ചെക്ക് പോലും പാസാക്കാനുള്ള പണം ഇല്ലാതെ ട്രഷറി അടഞ്ഞുകിടക്കുകയാണ്. ധനകാര്യമന്ത്രിയെ എങ്കിലും തിരുവനന്തപുരത്തേക്ക് മടക്കി അയച്ച് സെക്രട്ടേറിയറ്റില്‍ ഇരുത്തണമെന്നാണ് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും സതീശന്‍ പറഞ്ഞു.

Logo
X
Top