അടുക്കള പൂട്ടേണ്ടി വരും; കുടിശിക തീർക്കാതെ സപ്ലൈകോയ്ക്ക് സാധനങ്ങൾ നൽകില്ലെന്ന് മൊത്ത വിതരണക്കാർ; കേരളപ്പിറവി ദിനത്തിൽ സമരം

തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ (സപ്ലൈകോ ) ഭക്ഷ്യോൽപന്നങ്ങൾ വിതരണം ചെയ്യുന്നവർക്ക് ആറ് മാസമായി പണം നൽകുന്നില്ല. കഴിഞ്ഞ ആറ് മാസത്തെ കുടിശികയായ 665.7കോടി ഉടൻ തീർക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിറങ്ങാനുള്ള തീരുമാനത്തിലാണ് കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ വിതരണക്കാർ. ഇതിന് മുന്നോടിയായി വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള വിതരണക്കാർ കേരളപ്പിറവി ദിനത്തിൽ സപ്ലൈകോ ആസ്‌ഥാനത്ത് സൂചനാ സമരം നടത്തി. വിതരണക്കാരുടെ ആറ് മാസത്തെ കുടിശിക ഉടൻ നൽകണമെന്നും വിതരണക്കാരെ ബാങ്ക് ജപ്തിയിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപെട്ടായിരുന്നു കൊച്ചി ഗാന്ധിനഗർ സപ്ലൈകോയുടെ ഹെഡ് ഓഫീസിനു മുമ്പിൽ സൂചനാ ധർണ്ണ നടത്തിയത്.

ആറ് മാസക്കാലയളവായി സപ്ലൈകോയിൽ ഭക്ഷ്യോൽപ്പന്നങ്ങൾ വിതരണം ചെയ്തവർക്ക് പണം നൽകിയിട്ടില്ല. കിടപ്പാടം പോലും പണയപ്പെടുത്തി ബാങ്ക് ഓവർ ഡ്രാഫ്റ്റ് എടുത്താണ് സപ്ലൈകോയ്ക്ക് വിതരണക്കാർ സാധനങ്ങൾ വിതരണം ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ ആറു മാസത്തിലേറെയായി ബാങ്കിന്റെ പലിശപോലും അടയ്ക്കുവാൻ കഴിയാത്ത അവസ്ഥയിലാണെന്ന് കേരളം, ആന്ധ്ര, കർണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് സമരത്തിൽ പങ്കെടുക്കാനെത്തിയ വിതരണക്കാരുടെ പ്രതിനിധികൾ പറഞ്ഞു. ബാങ്ക് ജപ്തി നോട്ടീസുകൾ നിരന്തരം ലഭിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് ഇവർ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ 1500 കമ്പനികൾക്കാണ് സപ്ലൈകോ പണം കൊടുക്കാനുള്ളത്. ജിഎസ്ടി പോലും അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വിതരണക്കാർ. പല വിതരണക്കാരുടെയും ജിഎസ്ടി ബ്ലോക്ക് ചെയ്യപ്പെട്ട സ്‌ഥിതിയിലാണ്. റവന്യു റിക്കവറിയിലേക്ക് നീങ്ങുമെന്ന് ജിഎസ്ടി വകുപ്പ് മുന്നറിയിപ്പ് നൽകിയതായും വിതരണക്കാരുടെ കൂട്ടായ്മ പറയുന്നു. കമ്പനികളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ശമ്പളം പോലും കൃത്യമായി കൊടുക്കുവാൻ ഇക്കാരണത്താൽ സാധിക്കുന്നില്ലെന്നും വിതരണക്കാർ പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കുടിശിക തീർക്കാത്തതാണ് സ്പ്ലൈകോയേയും വിതരണക്കാരെയും പ്രതിസന്ധിയിലാക്കിയത്. 3750 കോടി രൂപയാണ് കിട്ടാനുള്ളതെന്ന് സപ്ലൈകോ ഫിനാൻസ്, മാർക്കറ്റിംഗ് വിഭാഗങ്ങൾ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഇതിൽ 2700 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകാനുള്ളത്. കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 850 കോടിയാണ്. വൻതുക കുടിശികയുള്ളത് കാരണം സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യുന്നത് കരാറുകാർ നിർത്തി. ടെൻഡറിൽ പങ്കെടുക്കാൻ പോലും അവർ തയ്യാറാവുന്നില്ല. പലയിടങ്ങളിലും 13 ഇന സബ്സിഡി സാധനങ്ങളിൽ അഞ്ച് എണ്ണം പോലും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

2012 മുതല്‍ ഇത് വരെ വിപണി ഇടപെടലിനായി സബ്സിഡി ഉൽപന്നങ്ങൾ ഉറപ്പാക്കാൻ വേണ്ടി ലഭ്യമാക്കിയ 1525 കോടി രൂപയാണ് സപ്ലൈകോ ചെലവഴിച്ചത്. തൊഴില്‍, സാമൂഹ്യനീതി വകുപ്പുകള്‍ വഴി ഭക്ഷ്യക്കിറ്റ് വിതരണത്തിന് ചെലവാക്കിയ വകയിൽ 200 കോടി രൂപയാണ് കുടിശിക. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിൽ ചെലവാക്കിയതിൽ 116.39 കോടി രൂപയാണ് കിട്ടാനാള്ളത്. കഴിഞ്ഞയാഴ്ച അനുവദിച്ച 54.17 കോടി രൂപ ഒഴിവാക്കിയുള്ള കണക്കാണിത്. നെല്ല് സംഭരണത്തിനായി ചെലവഴിച്ച 789 കോടി രൂപയും സർക്കാർ ഇതുവരെ നൽകിയിട്ടില്ല.

സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ പരിഹാരം കണാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കയ്യൊഴിയുന്നത് കാരണം സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. പല സപ്ലൈകോ കേന്ദ്രങ്ങളിലും സാധനങ്ങൾ കിട്ടാതെ വന്നതോടെ പ്രതിഷേധ പരിപാടികളുമായി ജനങ്ങളും രംഗത്തെത്തി. സപ്ലൈകോയിൽ സാധനങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയും സമരത്തിൻ്റെ മുൻനിരയിലുണ്ട്.

ഇനിയും കുടിശിക തുകയിൽ പരിഹാരം കണ്ടില്ലെങ്കിൽ കൈവിട്ടു പോകുന്ന അവസ്ഥയാണുള്ളതെന്നും മാനേജ്മെൻ്റ് വൃത്തങ്ങൾ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഉടൻ പ്രശ്ന പരിഹാരം കാണണം എന്ന് ചൂണ്ടിക്കാട്ടി സപ്ലൈകോ സിഎംഡിയുടെ ചുമതലയുള്ള ശ്രീറാം വെങ്കിട്ടരാമന്‍ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന് കത്തയച്ചിട്ടുണ്ട്. ഭക്ഷ്യ വകുപ്പിന് മാത്രം ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി തുക നൽകാൻ ധനവകുപ്പ് തയ്യാറാവാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണമെന്നും സപ്ലൈകോ അധികൃതർ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ സിഎംഡി ശ്രീറാം വെങ്കിട്ടരാമൻ ഭക്ഷ്യമന്ത്രി ജി.ആർ.അനിലിനെയും ധനമന്ത്രി കെ.എൻ.ബാലഗോപാലിനെയും നേരിട്ട് കണ്ട് പ്രശ്ന പരിഹാരമുണ്ടാക്കാൻ ആവശ്യപ്പെടുമെന്ന് സപ്ലൈകോ മാനേജ്മെൻ്റ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top