സപ്ലൈകോ സബ്‌സിഡി ഇനി കിട്ടാക്കനി; കിഴിവ് വിപണി വിലയുടെ 30 ശതമാനം മാത്രം; വയറ്റത്തടിച്ച് ഒരു തീരുമാനം കൂടി

തിരുവനന്തപുരം: സപ്ലൈകോയുടെ സ്ഥിരം സബ്‌സിഡി അവസാനിപ്പിക്കുന്നു. 13 ഉത്പന്നങ്ങൾക്ക് ലഭിക്കുന്ന സബ്‌സിഡിയാണ് ഇല്ലാതാകുന്നത്. സ്ഥിരം സബ്‌സിഡി നല്‍കുന്ന നിത്യോപയോഗ സാധനങ്ങള്‍ക്ക് പകരം വിപണി മനസ്സിലാക്കി മൂന്നുമാസം കൂടുമ്പോൾ വില പരിഷ്കരിക്കാനാണ് നീക്കം. ആസൂത്രണബോർഡംഗം ഡോ. കെ. രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതിയാണ് ഈ ശുപാര്‍ശ നല്‍കിയത്. വിപണിവിലയുടെ ശരാശരി 30 ശതമാനം വിലക്കിഴിവ് നൽകിയാൽ മതിയെന്നാണ് വിദഗ്ധസമിതിയുടെ ശുപാർശ. റിപ്പോർട്ട് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും.

സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന തീരുമാനമാണിത്. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നത്. ഇതൊക്കെ വലിയ വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ് വരുന്നത്. വിപണിവില പിടിച്ച് നിര്‍ത്താനുള്ള സപ്ലൈകോ ശേഷിയും കുറയും. പൊതുവിപണിയില്‍ വില കൂടുമ്പോള്‍ സാധനങ്ങള്‍ക്ക് വില കുറച്ച് കൊടുക്കുകയാണ് സപ്ലൈകോ ചെയ്യാറുള്ളത്.

സബ്‌സിഡിരീതി വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. വിപണിയുമായി താരതമ്യപ്പെടുത്തിയാൽ 50 ശതമാനത്തിലേറെയാണ് ഇപ്പോഴുള്ള സബ്‌സിഡി. ഈരീതിയിൽ മുന്നോട്ടുപോയാൽ പ്രതിസന്ധി തരണംചെയ്യാനാവില്ലെന്ന് സമിതി വിലയിരുത്തി. സബ്‌സിഡി ഉത്‌പന്നങ്ങളുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കാമെന്നാണ് മറ്റൊരു ശുപാർശ. ഒരു സാധനം ലഭ്യമല്ലെങ്കിൽ പകരം മറ്റൊരു ഉത്‌പന്നം വിലക്കിഴിവിൽ നൽകാം. സബ്‌സിഡി ഉത്‌പന്നങ്ങളുടെ എണ്ണം കൂട്ടുന്നത് ഇതിനു സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top