വ്യക്തമായ കാരണം പറയാതെ അറസ്റ്റ് പറ്റില്ല; പോലീസ് ഏമാൻമാർക്ക് കർശന മുന്നറിയിപ്പുമായി സുപ്രീം കോടതി

വ്യക്തമായ കാരണം പറയാതെ പോലീസ് ഏമാന്‍മാര്‍ക്ക് തോന്നുംപടി പൗരന്മാരെ അറസ്റ്റ് ചെയ്യാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി. കാരണം അറിയാനുള്ള അവകാശം പ്രതിയുടെ മൗലികാവകാശമാണെന്നും സുപ്രധാന വിധി ന്യായത്തില്‍ വ്യക്തമാക്കി.

തട്ടിപ്പ്, വഞ്ചന തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ വിഹാന്‍ കുമാര്‍ എന്നയാളെ ഉടന്‍ വിട്ടയക്കാനും സുപ്രീംകോടതി ഹരിയാന സര്‍ക്കാറിനോട് നിര്‍ദേശിച്ചു. അറസ്റ്റിന്റെ കാരണത്തെക്കുറിച്ച് ഇയാളെ അറിയിച്ചിട്ടില്ലെന്നും അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിധി. അറസ്റ്റിനുശേഷം വിഹാന്‍ കുമാറിനെ ആശുപത്രി കിടക്കയില്‍ ചങ്ങലയിട്ട് ബന്ധിച്ചത് ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള പൗരന്റെ മൗലികാവകാശത്തിന്റെ കടുത്ത ലംഘനമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. എല്ലായിപ്പോഴും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22 അനുസരിക്കണമെന്ന് പൊലീസിന് കോടതി നിര്‍ദേശം നല്‍കി.

അറസ്റ്റ് സംബന്ധിച്ച് കര്‍ശനമായ ജാമ്യ വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്നുണ്ടെങ്കില്‍ പോലും ഈ അവകാശത്തിന്റെ ലംഘനം സംഭവിച്ചാല്‍ പ്രതിക്ക് സ്വാഭാവികമായി ജാമ്യം ലഭിക്കുമെന്നും ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിങ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.

പ്രതികളെ അറസ്റ്റ് ചെയ്തതിന്റെ കാരണം അറിയിക്കാത്തത് അറസ്റ്റിനെ ബാധിക്കും. ഇത് തിരിച്ചറിഞ്ഞാല്‍ അറസ്റ്റിലായ വ്യക്തിക്ക് ഒരു നിമിഷം പോലും കസ്റ്റഡിയില്‍ തുടരാനാവില്ലെന്നും വിധിയില്‍ പറയുന്നു. ഇത്തരം നിന്ദ്യമായ അറസ്റ്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പൊലീസും രാജ്യത്തുടനീളമുള്ള എല്ലാ കോടതികളും പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയൊ അറസ്റ്റിന്റെ കാരണങ്ങള്‍ അറിയിക്കേണ്ടത് ഭരണഘടനാ ആവശ്യകതയാണെന്ന് ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിംഗ് തന്റെ പ്രത്യേക വിധിയില്‍ പറഞ്ഞു, സിആര്‍പിസിയിലെ 50A വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തികള്‍ക്ക് ഈ വിവരം നല്‍കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വിധി ന്യായത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top