ലാവ്ലിൻ കേസ് വീണ്ടും മാറ്റി സുപ്രീംകോടതി; സെപ്റ്റംബർ 12 ന് പരിഗണിക്കും
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിലെ വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സെപ്റ്റംബര്‍ 12-ന് പരിഗണയ്ക്കാനായാണ് മാറ്റിയത്. കേന്ദ്രത്തിനും, സിബിഐക്കും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന്റെ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കുന്നത് മാറ്റിവെച്ചത്.
അടുത്ത ചൊവ്വാഴ്ചയിലേക്ക് തിയതി മാറ്റിവയ്ക്കാന്‍ സിബിഐ ആവശ്യപ്പെട്ടെങ്കിലും ആ ദിവസം ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. തുടർന്നാണ് കേസ് സെപ്റ്റംബറിലേക്ക് മാറ്റിയത്. ഓഗസ്റ്റിൽ വാദം കേള്‍ക്കാനിരിക്കുന്ന ആർട്ടിക്കിൾ 370 സംബന്ധിച്ച കേസില്‍ ജസ്റ്റിസ് സൂര്യകാന്ത് ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായതിനാലാണ് സെപ്റ്റംബറിലേക്ക് ലാവ്ലിന്‍ കേസ് മാറ്റിവച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീംകോടതിയിലുള്ളത്. നേരത്തെ ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് സി ടി രവികുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെയായിരുന്നു കേസ്. എന്നാല്‍ മലയാളി കൂടിയായ ജസ്റ്റിസ് സി ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ഹൈക്കോടതിയിൽ താൻ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി ടി രവികുമാർ പിൻമാറിയത്. ഇതുവരെ 34 തവണയാണ് ഇതുവരെ ലാവ്ലിൻ കേസ് മാറ്റിവച്ചിട്ടുള്ളത്.
1996-98 കാലത്ത് പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്ലിനുമായി വൈദ്യുതി വകുപ്പ് കരാറിൽ ഒപ്പുവെച്ചിരുന്നു. 374 കോടി രൂപയുടെ പദ്ധതി കരാറിലെ അഴിമതിയുണ്ടായെന്ന 2005-ലെ സിഎജി റിപ്പോർട്ടാണ് ലാവ്ലിന്‍ കേസിന് അടിസ്ഥാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here