‘ഗവർണറുടെ തീക്കളി’; രൂക്ഷ വിമർശനവുമായി വീണ്ടും സുപ്രീംകോടതി

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത പഞ്ചാബ്, തമിഴ്നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി. ഗവര്‍ണര്‍മാര്‍ സര്‍ക്കാറുകളുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

തിരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസാക്കിയ ബില്ലുകൾ വൈകിപ്പിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രണ്ട് ഗവർണർമാരോടും ആവശ്യപ്പെട്ടു. ഗവർണർമാർക്കെതിരെ സംസ്ഥാന സർക്കാരുകൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. അതേ സമയം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ കേരളത്തിന്റെ ഹർജി സുപ്രീംകോടതി പരാമര്‍ശിച്ചില്ല.

പഞ്ചാബ് ഗവര്‍ണര്‍ തീകൊണ്ട് കളിക്കരുതെന്നും ഗവര്‍ണര്‍മാര്‍ ഇങ്ങനെ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെയെത്തുമെന്നും സുപ്രീംകോടതി ചോദിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു ഗവർണർ ബൻവാരിലാൽ പുരോഹിതിനെതിരെയുള്ള പഞ്ചാബ് സര്‍ക്കാറിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.ധനകാര്യ മാനേജ്‌മെന്റ്, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ ഏഴ് ബില്ലുകൾ ഗവർണർ തടഞ്ഞുവെച്ചതായി പഞ്ചാബ് സർക്കാരിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്‌വി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജൂലൈയിൽ ഗവർണറുടെ അനുമതിക്കായി ബില്ലുകൾ അയച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിഷ്‌ക്രിയത്വം ഭരണത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി ബില്ലുകളും ഫയലുകളും ക്ലിയര്‍ ചെയ്യാത്തത് ഗുരുതരമായ ആശങ്കയാണ് ഉയർത്തുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.നിയമസഭ പാസാക്കിയ നിരവധി ബില്ലുകളിലും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഫയലുകളിലും തമിഴ്‌നാട് ഗവര്‍ണര്‍ ഒപ്പുവെക്കാത്തതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. 2020 നു 2023 നും ഇടയില്‍ നിയമസഭ പാസാക്കിയ 12 ബില്ലുകള്‍ ഗവര്‍ണര്‍ ആർ.എൻ. രവി തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ ഹർജി നവംബര്‍ 20 ന് വീണ്ടും പരിഗണിക്കും.

അതേസമയം; താന്‍ ഭരണഘടന പ്രതിസന്ധി ഉണ്ടാക്കിയെങ്കില്‍ തെളിവ് തരൂവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡൽഹിയിൽ പ്രതികരിച്ചു. തനിക്കെതിരെയുള്ള സുപ്രീംകോടതിയിലെ ഹര്‍ജിയിലെ ആരോപങ്ങള്‍ അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്തെ ഇകഴ്ത്തുന്നുവെന്നത് സിപിഎമ്മിന്‍റെ രാഷ്ട്രീയ ആരോപണമെന്നും ഗവര്‍ണര്‍ ഇന്ന് പറഞ്ഞു. ഗവർണർക്കെതിരെ കേരളം രണ്ട് ഹർജികളാണ് സുപ്രീംകോടതിയില്‍ നൽകിയിരിക്കുന്നത്. ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ റിട്ട് ഹർജി നൽകിയത് കൂടാതെ പ്രത്യേക അനുമതി ഹർജിയും കേരളം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top