തൊണ്ടിമുതല്‍ കേസില്‍ സര്‍ക്കാര്‍ ഒപ്പമല്ല എന്നതല്ലേ പ്രശ്‌നമെന്ന് ആന്റണി രാജുവിനോട് സുപ്രീം കോടതി; സത്യവാങ്മൂലത്തിലുള്ള പിഴവുകള്‍ പ്രതി ചൂണ്ടികാണിക്കേണ്ടെന്നും വിമര്‍ശനം

ഡല്‍ഹി : തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് സുപ്രീം കോടതിയുടെ വിമര്‍ശനം. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വസ്തുതാപരമായ തെറ്റുകളുണ്ടെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് വിമര്‍ശനാത്മകമായ നിരീക്ഷണം കോടതിയില്‍ നിന്നുണ്ടായത്. കേസില്‍ ആദ്യം പ്രതിക്കൊപ്പമായിരുന്നു സര്‍ക്കാര്‍. ഇപ്പോള്‍ നിലപാട് മാറ്റി. അതല്ലേ പ്രശ്‌നമെന്ന് ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, രാജേഷ് ബിന്‍ഡല്‍ എന്നിവര്‍ ചോദിച്ചു. കേസിലെ വസ്തുതകളക്കുറിച്ച് ബോധ്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ ഏഴാം ഖണ്ഡികയിലെ ചില പരാമര്‍ശങ്ങളോടാണ് ആന്റണി രാജു എതിര്‍പ്പ് ഉന്നയിച്ചത്. തൊണ്ടിമുതല്‍ കോടതിയില്‍ നിന്ന് കൈപ്പറ്റിയത് പ്രതിയായ ഓസ്‌ട്രേലിയന്‍ പൗരന്റെ ബന്ധുവാണ്. എന്നാല്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിന് പിഴവ് തിരുത്താന്‍ അവസരം നല്‍കണമെന്നും ആന്റണി രാജു ആവശ്യപ്പെട്ടു. വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു അല്ലെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി. സര്‍ക്കാരിന്റെ പിഴവ് തിരുത്താന്‍ പ്രതിക്ക് എങ്ങനെ ആവശ്യപ്പെടാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.
പിഴവുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടി കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുകയാണ് വേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ കോടതിയില്‍ വാദിച്ചു. കേസ് വിശദമായ വാദത്തിന് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എല്ലാ കക്ഷികളും ആവശ്യപ്പെട്ടതിന് തുടര്‍ന്ന് അടുത്തമാസം ഏഴിലേക്ക് മാറ്റി.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ലഹരിമരുന്നുമായി പിടികൂടിയ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. കേസ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here