ആൻ്റണിരാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം; സര്‍ക്കാര്‍ ഒത്തുകളിക്കുകയാണോ എന്ന് കോടതി; സത്യവാങ്മൂലം നൽകാൻ കർശന നിർദ്ദേശം

തിരുവനന്തപുരം: ലഹരിക്കടത്ത് കേസ് പ്രതിയെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന കേസിൽ മറുപടി വൈകിക്കുന്ന സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീംകോടതി. ആൻ്റണി രാജു സമർപ്പിച്ച ഹർജിയിൽ കേസ് സ്റ്റേ ചെയ്തിരിക്കുകയാണ്. തുടർനടപടികൾക്കായി സർക്കാർ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കണം. ഇതുണ്ടായിട്ടില്ല. ഇതിലാണ് സുപ്രീംകോടതി വിമർശനം ഉന്നയിച്ചത്. പ്രതിയുമായി സര്‍ക്കാര്‍ കൈകോര്‍ക്കുകയാണോ എന്ന് കോടതി ചോദിച്ചു.

തൊണ്ടിമുതലായിരുന്ന വിദേശിയുടെ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കി പ്രതിയെ രക്ഷപെടാൻ സഹായിച്ചതിൻ്റെ പേരിലാണ് പ്രതിയുടെ അഭിഭാഷകനായിരുന്ന ആൻ്റണി രാജു പ്രതിയായത്. എന്നാൽ തന്നെ പ്രതിയാക്കി പോലീസെടുത്ത കേസിൽ സാങ്കേതികമായ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ആൻ്റണി രാജു സമർപ്പിച്ച ഹർജി അനുവദിച്ച് ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു. പിഴവുകൾ പരിഹരിച്ച് പുതിയ കേസെടുക്കാനും നിർദേശിച്ചു. ഇതിനെതിരെയാണ് ആൻ്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന്മേൽ കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചത് കഴിഞ്ഞവർഷം ജൂലൈ 25നാണ്.

കേസിൽ സംസ്ഥാന സർക്കാ‍ർ എതിര്‍സത്യവാങ്മൂലം നല്കാത്തത് ഗൗരവതരമാണെന്ന് ജസ്റ്റിസുമാരായ സിടി രവികുമാ‍‌‌‌ർ, രാജേഷ് ബിൻഡാൽ എന്നിവർ ഉൾപ്പെട്ട ബഞ്ച് നിരീക്ഷിച്ചു. എല്ലാ വസ്തുതകളും വ്യക്തമാണെന്നിരിക്കെ കേരളത്തിന് ഇനി എന്ത് മറുപടിയാണ് നല്കാനുള്ളതെന്നും കോടതി ചോദിച്ചു. സത്യവാങ്മൂലം നൽകാൻ കോടതി കർശന നിർദ്ദേശവും നൽകി.

Also Read: ‘കേസ് ഞാൻ കേൾക്കാതിരിക്കാൻ നീക്കം’; പൊട്ടിത്തെറിച്ച് ജസ്റ്റിസ് സി.ടി.രവികുമാർ; വേണമെങ്കിൽ ഒഴിയാമെന്ന് ആൻ്റണി രാജുവിനോട്

തൊണ്ടിമുതല്‍ തിരിമറിക്കേസ് അതീവ ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി മുന്‍പ് തന്നെ നിരീക്ഷിച്ചിരുന്നു. ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിനും കേസിലെ എതിര്‍കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ കൂടുതല്‍ സമയം തേടുകയാണ് ചെയ്തത്. തിരിമറി നടത്താൻ തൊണ്ടിമുതൽ ആൻ്റണി രാജുവിന് എടുത്തുനൽകിയ അന്നത്തെ കോടതി ജീവനക്കാരൻ കെ.എൽ.ജോസ് ആണ് കേസില്‍ ഒന്നാംപ്രതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top