മണിപ്പൂർ: ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ മൊഴിയെടുക്കരുതെന്ന് സിബിഐയോട് സുപ്രീം കോടതി
മണിപ്പൂരിൽ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളുടെ മൊഴിയെടുക്കുന്നത് നിർത്തിവയ്ക്കാൻ സിബിഐയോട് സുപ്രീം കോടതി. ഉച്ചയ്ക്കു കോടതി കേസ് പരിഗണിക്കുന്നതു വരെ മൊഴിയെടുക്കരുത് എന്നാണു നിർദേശം. ഉച്ചയ്ക്ക് രണ്ട് മണിക്ക് സുപ്രീംകോടതി വീണ്ടും പരിഗണനക്ക് എടുക്കുന്നുണ്ട്.
രണ്ടു മണിവരെ കാത്ത് നില്‍ക്കാന്‍ സിബിഐ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടണമെന്ന് സോളിസിറ്റര്‍ ജനറലിനോട് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിര്‍ദേശം നല്‍കി. കലാപത്തിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിലാണു കോടതിയുടെ ഇടപെടൽ.
സിബിഐ അന്വേഷണത്തെ എതിര്‍ത്ത് പീഡനത്തിനിരയായ സ്ത്രീകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് സൂചന നല്‍കിയിരുന്നു. കേസ് ഇന്ന് പരിഗണിക്കുമ്പോള്‍ ഇക്കാര്യം പ്രഖ്യാപിച്ചേക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നൽകാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. ഫോൺ ഉടമയെ അറസ്റ്റ് ചെയ്തതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, മണിപ്പുരിൽ സ്ത്രീകൾക്കെതിരായി നടന്ന അതിക്രമത്തിനു ബംഗാൾ ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ സമീപകാലത്തു നടന്നവയുമായി താരതമ്യമില്ലെന്നു സുപ്രീം കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന്റെ വിഡിയോ പ്രചരിച്ചതിനു പിന്നാലെ കോടതി സ്വമേധയാ വിഷയം പരിഗണിക്കുന്നതിടെ, കേരളത്തിൽ ഉൾപ്പെടെ മറ്റിടങ്ങളിലും വനിതകൾക്കെതിരെ സമാന അക്രമം ഉണ്ടായെന്ന് ബിജെപി ഡൽഹി ലീഗൽ സെൽ കോ–കൺവീനറും മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകളുമായ ബാംസുരി സ്വരാജ് ചൂണ്ടിക്കാട്ടി. അപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here