യുപിയിൽ ഇടിച്ചുനിരത്തിയ വീടുകൾക്ക് 60 ലക്ഷം നഷ്ടപരിഹാരം; ബുൾഡോസർരാജിൽ കർശനമായി ഇടപെട്ട് സുപ്രീം കോടതി

ഉത്തർ പ്രദേശിൽ അന്യായമായി വീടുകൾ ഇടിച്ചുനിരത്തുന്ന വിഷയത്തിൽ മുമ്പ് പലവട്ടം ഇടപെട്ട പരമോന്നത കോടതി ഇത്തവണ ആറു പരാതിക്കാർക്ക് നഷ്ടപരിഹാരമാണ് വിധിച്ചിരിക്കുന്നത്. പ്രയാഗ് രാജ് വികസന അതോറിറ്റി തുക നൽകണം. നശിപ്പിക്കപ്പെട്ട ഓരോ വീടിനും പത്തുലക്ഷം വീതമാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്.

തലചായ്ക്കാനൊരു വീട് എന്ന അടിസ്ഥാന ആവശ്യത്തിന് മേൽ ഇത്ര നിർദ്ദയമായും നിയമവിരുദ്ധമായും കടന്നുകയറ്റം നടത്തുന്നത് ഞെട്ടിക്കുന്നതാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് അഭയ് എസ് ഓക, ഉജ്ജൽ ഭുയാൻ എന്നിവരുൾപ്പെട്ട ബെഞ്ച് നഷ്ടപരിഹാരം വിധിച്ചത്.

വീടുകൾ ഇടിച്ചുനിരത്തിയ പല കേസിലും ഇരകൾക്ക് വിശദീകരണം ബോധിപ്പിക്കാനോ രേഖകൾ ഹാജരാക്കാനോ ഉള്ള സാവകാശം കൊടുത്തിട്ടില്ലെന്ന് കോടതി കണ്ടെത്തി. നോട്ടീസുകൾ നേരിട്ട് കൈമാറുന്നതിന് പകരം വീടുകൾക്ക് മേൽ ഒട്ടിച്ചുവച്ച് കാര്യം നടത്തുകയാണ് ചെയ്തിരിക്കുന്നത്. ഇത് നിയമപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Also Read: ബുൾഡോസറുകൾ നീതി നടപ്പാക്കുമ്പോൾ… ആറു വർഷത്തിൽ 16 ലക്ഷം പേർ ഭവനരഹിതരായെന്ന് കണക്ക്

ഒരുകേസിൽ ഡിസംബർ 18 എന്ന് തീയതിസഹിതം ഇറക്കിയ നോട്ടീസ് അന്നുതന്നെ വീടിനുമേൽ ഒട്ടിച്ചു. എന്നാൽ നോട്ടീസിൽ അറിയിച്ചിരിക്കുന്നത് നേരിട്ടെത്തിക്കാൻ രണ്ടുവട്ടം ശ്രമിച്ചിട്ടും അതിന് കഴിയാത്തതിനാൽ ഒട്ടിക്കുന്നു. നടപടിക്രമങ്ങൾ മറികടക്കാൻ ഇത്തരം വഴിവിട്ട ഇടെപടലുകൾ പല കേസിലും കണ്ടെത്താനായി.

ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ച ആറുകേസുകളിൽ നഷ്ടപരിഹാരമായി 60 ലക്ഷം നിശ്ചയിച്ചു കൊണ്ടുള്ള വിധി. പരാതിക്കാർക്ക് താമസിക്കാൻ മറ്റ് സൌകര്യങ്ങൾ ഉണ്ടെന്ന് ബോധിപ്പിക്കാൻ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി ശ്രമിച്ചെങ്കിലും കോടതി അക്കാര്യം പരിഗണിച്ചില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top