നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം; വിചാരണ നീളുന്നതിനാല്‍ ജാമ്യമെന്ന് സുപ്രീം കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം . സുപ്രീം കോടതിയാണ് ജാമ്യം നല്‍കിയത്. വിചാരണ നീണ്ടുപോകുന്നതിനാലാണ് ജാമ്യം അനുവദിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതിയില്‍ ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തെ പിടിച്ചുകുലുക്കിയ കേസിലാണ് സുപ്രീംകോടതി പ്രതിക്ക് ജാമ്യം നല്‍കിയിരിക്കുന്നത്.

പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കേരളത്തിന്റെ വാദങ്ങള്‍ തള്ളിയാണ് ജാമ്യം അനുവദിച്ചത്. കേരള സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് സുപ്രീം കോടതി നടത്തിയത്. “പൾസർ സുനി ജയിലിലായിട്ട് ഏഴര വർഷം കഴിഞ്ഞിരിക്കുന്നു. വിചാരണ നീണ്ടുപോവുകയാണ്. ഇങ്ങനെയായാൽ കേസ് എപ്പോഴാണു തീരുക? കോടതി ചോദിച്ചു.

തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി പള്‍സര്‍ സുനിക്ക് 25,000 രൂപ പിഴ ചുമത്തിയിരുന്നു. തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്യാൻ സാമ്പത്തിക സഹായവുമായി ആരോ കർട്ടന് പിന്നിൽ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. അമിക്കസ് ക്യൂറിയെ നിയോഗിച്ച് വിഷയം പരിശോധിച്ചാണ് പിഴ ചുമത്തിയത്. ഒരു മാസത്തിനുള്ളിൽ ലീഗൽ സർവീസ് അതോറിറ്റിക്ക് പിഴ തുക അടയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.

2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയിൽ കാറിൽ ആക്രമിക്കപ്പെട്ടത്. നെടുമ്പാശേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top