ബൈജൂസിന് എതിരായ പാപ്പരത്ത നടപടി നിർത്തിവച്ച ഉത്തരവ് റദ്ദാക്കി; ട്രൈബ്യൂണൽ മനസാക്ഷി കാണിച്ചില്ലെന്ന് സുപ്രീം കോടതി

വിദ്യാഭ്യാസ സാങ്കേതിക വിദ്യാസ്ഥാപനമായ ബൈജൂസിനെതിരായ പാപ്പരത്തനടപടി സ്റ്റേചെയ്ത ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണലിന്റെ (എൻസിഎൽഎടി) ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൻ്റേതാണ് ഉത്തരവ്. അമേരിക്കയിലെ വായ്പദാതാക്കളായ ഗ്ലാസ് ട്രസ്റ്റ് കമ്പനി നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. പാപ്പരത്ത നടപടികൾ അവസാനിപ്പിച്ച ട്രിബ്യൂണൽ ഉത്തരവ് മനസാക്ഷിക്ക് നിരക്കാത്തതാണ് എന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതിയുടെ പുതിയ വിധി.
ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസർ ചെയ്തതിന്റെ വകയായി ബൈജൂസ് നൽകാനുള്ള 158 കോടി രൂപയുമായി ബന്ധപ്പെട്ടാണ് ബിസിസിഐ. പാപ്പരത്തനടപടി തുടങ്ങിയത്. പിന്നീട് ബൈജൂസുമായി ഒത്തുതീർപ്പിലെത്തിയെന്ന് ബിസിസിഐ അറിയിച്ചതിനെത്തുടർന്നാണ് പാപ്പരത്ത നടപടി ട്രിബ്യൂണൽ സ്റ്റേചെയ്തത്. പ്രത്യേക എസ്ക്രോ അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന സെറ്റിൽമെൻ്റ് തുക കമ്മറ്റി ഓഫ് ക്രെഡിറ്റേഴ്സിൻ്റെ (സിഒസി) എസ്ക്രോ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്.
ഒരു സമയത്ത് 2200 കോടി ഡോളർ (ഏകദേശം 1.8 ലക്ഷം കോടി രൂപ) വരെ മൂല്യമുണ്ടായിരുന്ന ബൈജൂസ് കമ്പനിയുടെ മൂല്യം പിന്നീട് പൂജ്യത്തിനടുത്തേക്ക് കൂപ്പുകുത്തിയിരുന്നു. കമ്പനിയുടെ ഭരണതലത്തിൽ ഗുരുതരവീഴ്ചകളുണ്ടായതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസ് നിരവധി നിയമനടപടികളും നേരിട്ടുവരികയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here