ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ജനപക്ഷ വിധികൾ എടുത്തുപറഞ്ഞ് ജസ്റ്റിസ് ചന്ദ്രചൂഡ്; കൊച്ചിയിൽ സൗഹൃദ സന്ദർശനം

അടുത്തിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി ഒഴിഞ്ഞ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേരള ഹൈക്കോടതിയിലെ ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ സന്ദർശിച്ചു. ദേവൻ രാമചന്ദ്രൻ്റെ കൊച്ചിയിലെ വസതിയിൽ ആയിരുന്നു കൂടിക്കാഴ്ച. സന്ദർശനം സൗഹാർദപരം ആയിരുന്നു എന്ന് ചന്ദ്രചൂഡ് വ്യക്തമാക്കി.
ദേവൻ രാമചന്ദ്രൻ്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനാൽ ആശംസ അറിയിക്കാൻ കൂടിയാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ച് 22നായിരുന്നു അഡ്വ. ശശാങ്ക് ദേവൻ്റെ വിവാഹം തലശേരിയിൽ നടന്നത്.
ജനപക്ഷ വിധികളും നീതിപീഠത്തിന്റെ ഔന്നത്യം ഉയർത്തി പിടിക്കുന്ന നിരീക്ഷണങ്ങളുമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നടത്തുന്നതെന്ന് ഡി വൈ ചന്ദ്രചൂഡ് പ്രശംസിച്ചു. ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഡ് കഴിഞ്ഞ മാസം പത്തിനാണ് വിരമിച്ചത്. രണ്ട് വർഷം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ശേഷമായിരുന്നു അദ്ദേഹം പദവി ഒഴിഞ്ഞത്.
ഭരണഘടനാ നിയമം, മനുഷ്യാവകാശ നിയമം, ലിംഗനീതി എന്നിവയിൽ നിർണായക വിധികൾ ജസ്റ്റിസ് ചന്ദ്രചൂഡ് പുറപ്പെടുവിച്ചു. സ്വകാര്യത മൗലികാവകാശമാണെന്ന വിധി, ശബരിമല സ്ത്രീപ്രവേശനം, സ്വവർഗ വിവാഹം, ബാബറി മസ്ജിദ് കേസ്, ഇലക്ടറൽ ബോണ്ട് കേസ് തുടങ്ങിയവയായിരുന്നു അദ്ദേഹത്തിൻ്റെതായി വന്ന പ്രധാന വിധിന്യായങ്ങൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here