ഇനി വ്യാജ പരസ്യങ്ങള്‍ നല്‍കരുത് ; ബാബാ രാംദേവിനെതിരായ കോടതിയലക്ഷ്യം അവസാനിപ്പിച്ച് സുപ്രീംകോടതി

വ്യാജ പരസ്യങ്ങളുടെ പേരില്‍ ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു. ഇനി ഇത്തരം പരസ്യങ്ങള്‍ നല്‍കരുതെന്ന ശക്തമായ താക്കീത് നല്‍കിയാണ് കേസ് അവസാനിപ്പിച്ചത്. ഇത് ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകും എന്ന മുന്നറിയിപ്പും പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കും സുപ്രീം കോടതി നല്‍കി.
കോവിഡ് പ്രതിരോധ വാക്‌സിനെതിരെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയതാണ് പതഞ്ജലിക്ക് വിനയായത്. പതഞ്ജലി പുറത്തിറക്കിയ ‘കോറോണിൽ’ എന്ന മരുന്ന് കോവിഡിനെ പ്രതിരോധിക്കുമെന്നും പരസ്യത്തിൽ ആവകാശപ്പെട്ടിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യ പരസ്യങ്ങള്‍ കോടതിയലക്ഷ്യ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആദ്യം ഐഎംഎയുടെ ആരോപണങ്ങള്‍ തള്ളിയ ബാബ രാംദേവും പതഞ്ജിലിയും പിന്നീട് തെറ്റുപറ്റിയതായി സമ്മതിച്ചിരുന്നു.
ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവരെ വിളിച്ചുവരുത്തി അതിരൂക്ഷമായ ഭാഷയില്‍ സുപ്രീം കോടതി ശാസിച്ചിരുന്നു. പിന്നാലെ ഇരുവരും സുപ്രീം കോടതിയില്‍ മാപ്പപേക്ഷ നല്‍കുകയും പത്രങ്ങളിലൂടെ ക്ഷമാപണം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് അഹ്സനുദീന്‍ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് കേസ് അവസാനിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here