വൃത്തികെട്ട ഉത്തരവിൽ ഒടുവിൽ ഇടപെട്ട് സുപ്രീം കോടതി; മാറിടത്തിൽ പിടിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന വിധിക്കെതിരെ കേസെടുത്തു

മാറിടത്തിൽ പിടിക്കുന്നതും പൈജാമയുടെ ചരടഴിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന് വിധിച്ച അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതി സ്വമേധയ കേസെടുത്തു. ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റീൻ മാശിഷ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുക. ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ കഴിഞ്ഞ ദിവസം ഹർജി എത്തിയിരുന്നെങ്കിലും പരിഗണിക്കാതെ തള്ളിയിരുന്നു.
കേസുമായി ബന്ധമില്ലാത്തവരാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ബേല എം ത്രിവേദി, പി ബി വരാലെ എന്നിവർ അടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്. രാജ്യമാകെ ചർച്ച ചെയ്യപ്പെട്ട് ജുഡീഷ്യറിക്ക് തന്നെ അപമാനമാകുന്ന നിലയെത്തിയിട്ടും അലഹബാദ് ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാതിരുന്ന സുപ്രീം കോടതിയുടെ നിലപാടും ചർച്ചയായി. ഇതിന് പിന്നാലെയാണ് കേസിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.
2025 മാർച്ച് 17നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുന്നതോ വസ്ത്രം അഴിക്കാൻ ശ്രമിക്കുന്നതോ ബലാത്സംഗ ശ്രമമായി കാണാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര വിധിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിലെ പ്രതികളെ ശിക്ഷിച്ച് കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിനെതിരെ ആയിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here