ഗവർണർ ഖാനെതിരെ സുപ്രീം കോടതി; എന്തെടുക്കുകയായിരുന്നു ഇതുവരെ, ബില്ല് പിടിച്ചുവയ്ക്കാൻ അവകാശമില്ല

ഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സുപ്രീംകോടതി. ഗവർണർക്ക് ബില്ല് പിടിച്ചുവയ്ക്കാൻ അവകാശമില്ല. രണ്ടു വർഷമായി ബില്ലുകളിൽ നടപടി എടുക്കാതെ ഗവർണർ എന്തെടുക്കുകയായിരുന്നെന്ന് സുപ്രീം കോടതി ചോദിച്ചു. നിയമസഭ പാസാക്കിയ വിവിധ ബില്ലുകളിൽ തീരുമാനം എടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലതാമസം എടുക്കുന്നതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം.

സർക്കാരിന്റെ അവകാശങ്ങളെ അട്ടിമറിക്കാൻ ഗവർണർക്ക് കഴിയില്ല. ഈ നടപടിയെ ന്യായീകരിക്കാൻ പറ്റില്ല. ബില്ലുകൾ രാഷ്ട്രപതിക്കയച്ച നടപടിയിൽ തൽക്കാലം ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. ബില്ല് അവതരിപ്പിച്ച മന്ത്രിയും മുഖ്യമന്ത്രിയുമായി ഗവർണർ ചർച്ച നടത്തണമെന്നും കോടതി നിർദേശിച്ചു. കേരളത്തിന്റെ ഹർജിയിൽ കോടതി തീർപ്പുണ്ടാക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. ചർച്ചയിൽ പരിഹാരമുണ്ടായില്ലെങ്കിൽ വിഷയത്തിൽ ഇടപെടുമെന്ന് കോടതി സൂചന നൽകി.

ഗവർണർമാർക്ക് മാർഗനിർദേശം തയ്യാറാക്കണമെന്ന് കേരളം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും, അതിനുള്ള സാഹചര്യം നിലവിൽ ഇല്ലെന്ന് കോടതി പറഞ്ഞു. അതേസമയം സഹകരണ നിയമ ഭേദഗതി, ലോകായുക്ത, സർവകലാശാല നിയമ ഭേദഗതി തുടങ്ങി ഏഴ് ബില്ലുകൾ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടു. ചരിത്രത്തിലാദ്യമായാണ് ഏഴ് ബില്ലുകൾ ഒന്നിച്ച് രാഷ്ട്രപതിക്ക് അയക്കുന്നത്. എട്ടു ബില്ലുകളിൽ ഇക്കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top