പോക്സോ കേസുകൾ കൂട്ടത്തോടെ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി; ജസ്റ്റിസ് കൗസറിൻ്റെ ഉത്തരവ് തള്ളി നിർണായക ഇടപെടൽ

“കേസ് റദ്ദാക്കാൻ പോക്സോ കേസ് പ്രതിയായ അധ്യാപകൻ നൽകിയ അപേക്ഷ പരിഗണിച്ച കേരള ഹൈക്കോടതി, ഇരകളായ വിദ്യാർത്ഥിനികളെ കേൾക്കാതെയും അവരുടെ സാഹചര്യം പരിഗണിക്കാതെയും ആണ് പ്രതിക്ക് അനുകൂലമായി വിധിച്ചത്. ഏറ്റവും അസ്വസ്ഥപ്പെടുത്തുന്നത്, കുട്ടികളുടെ മൊഴികൾ വിശകലനം ചെയ്ത് ചെറുവിചാരണ തന്നെ ഹൈക്കോടതി നടത്തിയിരിക്കുന്നു എന്നതാണ്. എങ്കിൽ പിന്നെ ഇവിടെ വിചാരണാ കോടതികളുടെ ആവശ്യം എന്താണ്?”
ഇങ്ങനെ രൂക്ഷമായി ചോദ്യങ്ങൾ ഉന്നയിച്ചും അതീവ നിരാശ രേഖപ്പെടുത്തിയും ആണ് ജസ്റ്റിസ് സൂര്യ കാന്ത്, എൻ കോടീശ്വർ സിങ് എന്നിവരുടെ ബഞ്ച്, കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ഉത്തരവ് അസാധുവാക്കിയത്. അഞ്ചു വിദ്യാർത്ഥികളുടെ പരാതിയിൽ സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകനെതിരെ മലപ്പുറം തിരൂർ പോലീസ് റജിസ്റ്റർ ചെയ്ത കേസുകളാണ് 2022 ജൂലൈ 13ന് ഹൈക്കോടതി റദ്ദാക്കിയത്. ഇവ അഞ്ചും സുപ്രീം കോടതി പുനസ്ഥാപിച്ചു. പ്രതി വിചാരണ നേരിടേണ്ടത് അനിവാര്യമാണെന്നും വിധിച്ചു.
“എന്ത് അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഈ നടപടിയെന്ന് മനസിലാകുന്നില്ല. ഇരകളെ വീണ്ടും ഇരയാക്കുന്നതാണ് ഇത്തരം നടപടികൾ. കമ്പ്യൂട്ടർ ലാബിൽ വച്ച് പലവട്ടം അനാവശ്യമായി സ്പർശിച്ചു, മ്ലേഛമായി സംസാരിച്ചു എന്നെല്ലാം കുട്ടികളുടെ മൊഴികളിൽ പറഞ്ഞിട്ടും പോക്സോയുടെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി സ്വീകരിച്ച നിലപാട് നിരാശപ്പെടുത്തുന്നു” എന്നും സുപ്രീം കോടതി ഡിവിഷൻ ബഞ്ച് വിധിയിൽ പറയുന്നു.
അധ്യാപകൻ സുരേഷ് കുമാർ അനാവശ്യമായി സ്പർശിച്ചുവെന്ന് അഞ്ചു പെൺകുട്ടികളുടെയും മൊഴികളിലുണ്ട്. ഉപയോഗിക്കുന്ന സാനിട്ടറി പാഡുകളുടെ എണ്ണം ചോദിച്ചു എന്നതടക്കം മ്ലേഛമായ സംസാരം ഉണ്ടായതായും മൊഴികളിലുണ്ട്. ഇതിനെ തുർന്നുണ്ടായ പരാതികളിൽ നടത്തിയ അന്വേഷണത്തിൽ ചില സിഡികളും വനിതാ മാസികകളും ലാബിൽ നിന്ന് കണ്ടെടുക്കുകയും അധ്യാപകന് ഷോകോസ് നോട്ടീസ് നൽകുകയും ചെയ്തു. ഇതോടെ മാപ്പിരന്ന പ്രതിയെ ജോലിയിൽ തുടരാൻ അനുവദിച്ചു.
ഫോണിൽ അശ്ലീല ഫോട്ടോകൾ അയച്ചെന്ന പരാതിയിലും കേസുണ്ടായി. പെൺകുട്ടികളുടെ വാട്സാപ്പ് നമ്പറുകളെന്ന് കരുതിയാണ് അയച്ചതെങ്കിലും കിട്ടിയത് രക്ഷിതാക്കൾക്കാണ്. ഇത്രയൊക്കെ ആയിട്ടും പ്രതിയുടെ ഇടപെടൽ ലൈംഗിക ഉദ്ദേശ്യത്തോടെ ആണെന്ന് പറയാനാവില്ലെന്നും പോലീസ് ചുമത്തിയ പോക്സോ നിയമത്തിലെ സെക്ഷൻ 7ൻ്റെ പരിധിയിൽ വരില്ലെന്നും ഹൈക്കോടതി കണ്ടെത്തിയത് എങ്ങനെയെന്ന് മനസിലാകുന്നില്ല എന്നും സുപ്രീം കോടതി പറയുന്നു.
പ്രതി ലക്ഷ്യമിട്ട കുട്ടികളിലേറെയും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണെന്നും സുപ്രീം കോടതി എടുത്തുപറയുന്നു. ഇവർ പരാതിയുമായി മുന്നോട്ട് വരില്ലെന്ന് കരുതിയിട്ടുണ്ടാകാം. മാത്രവുമല്ല പ്രതി അധ്യാപകനാണ് എന്നതും, പരാതിക്കാരെല്ലാം അയാളുടെ കീഴിൽ പഠിക്കുന്ന കുട്ടികളാണ് എന്നതും കണക്കിലെടുക്കേണ്ടത് ആയിരുന്നു. അതും ഉണ്ടായില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്നു. പ്രതിയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മാനേജ്മെൻ്റിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
പ്രതിക്ക് ഏതോ വിധത്തിൽ സ്വാധീനമുണ്ടെന്ന സംശയവും സുപ്രീം കോടതി പ്രകടിപ്പിക്കുന്നു. ആദ്യം പരാതി നൽകിയെങ്കിലും പ്രായപൂർത്തിയായ ഒരാളുടെ ഒഴികെ, പരാതിക്കാരായ കുട്ടികളുടെ ആരുടെയും മൊഴികൾ രേഖപ്പെടുത്താൻ പോലും പോലീസ് തയ്യാറായിരുന്നില്ല. പിന്നീട് ഹൈക്കോടതി ഇടപെട്ടതിന് ശേഷമാണ് മൊഴിയെടുത്ത് അഞ്ചു കേസുകൾ എടുക്കാൻ തയ്യാറായത്. കേസിലെ ഇരകളുടെ ഐഡൻ്റിറ്റി സംരക്ഷിച്ച് വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here