ഇലക്ടറൽ ബോണ്ടിൽ എസ്ബിഐക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; വിവരങ്ങൾ നാളെ തന്നെ കൈമാറണം
ഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്ക് വൻ തിരിച്ചടി. ഇലക്ടറൽ ബോണ്ടിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ കൈമാറാൻ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമർപ്പിച്ച ഹർജി കോടതി തള്ളി. നാളെത്തന്നെ വിവരങ്ങൾ നൽകണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് ഇലക്ടറൽ ബോണ്ട് റദ്ദാക്കി സുപ്രീംകോടതി ഉത്തരവിറക്കിയത്. മാർച്ച് ആറിന് മുൻപ് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണമെന്നും മാർച്ച് 13ന് കമ്മിഷൻ ഇത് പ്രസിദ്ധപ്പെടുത്തണമെന്നുമായിരുന്നു നിർദ്ദേശം. എന്നാൽ വിവരങ്ങൾ കൈമാറാൻ ജൂൺ 30 വരെ സാവകാശം വേണമെന്നായിരുന്നു എസ്‌ബിഐയുടെ ആവശ്യം. ഉത്തരവ് നൽകി 26ദിവസം ആയിട്ടും ഇതുവരെ എന്ത് നടപടിയാണ് എടുത്തതെന്ന് കോടതി ചോദിച്ചു. സാങ്കേതിക തടസങ്ങൾ പറഞ്ഞ് വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. അനുവദിച്ച സമയത്തിന് മുൻപ് വിവരങ്ങൾ നൽകിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബോണ്ട് വാങ്ങിയവരുടെ പട്ടിക നൽകാമെന്നും ഏതൊക്കെ പാർട്ടിക്ക് നൽകിയെന്നതിന്റെ വിവരം സമര്‍പ്പിക്കാന്‍ സമയം വേണമെന്നും എസ്‌ബിഐ അറിയിച്ചെങ്കിലും ഈ വാദം കോടതി പരിഗണിച്ചില്ല. ഇനിയും വൈകിയാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ സമർപ്പിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ നിർദേശിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്നും അതുകൊണ്ട് അത് റദ്ദാക്കണമെന്നുമായിരുന്നു സുപ്രീംകോടതി ഉത്തരവ്. തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ ഇലക്ടറൽ ബോണ്ട് ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ കേന്ദ്രം കൊണ്ടുവന്ന സംവിധാനമാണ് ഇലക്ടറൽ ബോണ്ട്. എസ്ബിഐ ആണ് ബോണ്ടുകൾ പുറപ്പെടുവിക്കുന്നത്. എന്നാൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങുന്നവരുടെ വിവരം പുറത്തുവിട്ടിരുന്നില്ല
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here