ഗവർണറുമായുള്ള തർക്കത്തിൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീംകോടതി; സാങ്കേതിക സർവകലാശാല മുൻ വിസി സിസ തോമസിനെതിരായ സർക്കാർ ഹർജി തള്ളി

ഡൽഹി: സാങ്കേതിക സർവകലാശാല മുൻ വിസി സിസ തോമസിനെതിരെ സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തളളി. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തിൽ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി പറഞ്ഞു. വിശദമായ വാദം കേൾക്കണമെന്ന സർക്കാരിന്റെ ആവശ്യം നിരാകരിച്ചാണ് ഹർജി തള്ളിയത്.

ഗവര്‍ണറുടെ ഉത്തരവ് പ്രകാരം സാങ്കേതിക സർവകലാശാല വിസി സ്ഥാനം ഏറ്റെടുത്തതിനെ തുടർന്നാണ് സിസ തോമസിനെതിരെ സര്‍ക്കാര്‍ അച്ചടക്കനടപടി എടുത്തത്. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്തു എന്നതിനാണ് നടപടി. ഇതിന്റെ ഭാഗമായി 2023 മാർച്ചിൽ വിരമിക്കുന്നതിനെ ദിവസങ്ങൾ മുൻപ് സിസ തോമസിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ചാൻസലറുടെ ഉത്തരവനുസരിച്ചാണ് ചുമതല ഏറ്റെടുത്തതെന്ന സിസ തോമസിന്റെ വാദം കോടതി അംഗീകരിച്ചു. വിരമിച്ച് ഒരു വർഷമായിട്ടും സിസ തോമസിന് പെൻഷൻ ലഭിച്ചു തുടങ്ങിയിട്ടില്ല. സുപ്രീംകോടതി വിധി അനുകൂലമായ സാഹചര്യത്തിൽ പെൻഷൻ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിസ തോമസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

കെടിയു മുന്‍ വൈസ് ചാന്‍സലര്‍ രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധു ആക്കിയപ്പോഴാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സിസ തോമസിനെ താല്‍കാലിക വൈസ് ചാന്‍സലര്‍ ആയി നിയമിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയ സമീപിച്ചിരുന്നു. എന്നാല്‍ സിസയുടെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചു. ഇതിനുശേഷമാണ് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top