ബിൽക്കിസ് ബാനുകേസ് പ്രതികൾക്ക് സാവകാശമില്ല; ഉടൻ ജയിലിലേക്ക് മടങ്ങാൻ സുപ്രീംകോടതി

ഡൽഹി: ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ ജയിലേക്ക് തിരികെ പോകാനുള്ള സമയപരിധി നീട്ടിക്കിട്ടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കഴമ്പില്ലാത്തതെന്നും പതിനൊന്ന് പ്രതികളും ഞായറാഴ്ച കീഴടങ്ങണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വെറും അഞ്ച് മിനുട്ട് കൊണ്ടാണ് ഹര്‍ജിയില്‍ നടപടി അറിയിച്ചത്.

ബില്‍ക്കിസ് ബാനു കേസിലെ പതിനൊന്ന് പ്രതികളെ ഗുജറാത്ത്‌ സര്‍ക്കാര്‍ മോചിപ്പിച്ച വിധി സുപ്രീംകോടതി ഈ മാസം റദ്ദാക്കിയിരുന്നു. വിധി വന്ന് രണ്ടാഴ്ചക്കകം തിരികെ ജയിലിലേക്ക് പോകണം എന്നായിരുന്നു ഉത്തരവ്. എന്നാല്‍ ജയിലിലേക്ക് തിരികെ പോകാനുള്ള സമയപരിധി നീട്ടിക്കിട്ടണമെന്ന് കേസിലെ പതിനൊന്ന് പ്രതികളും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നല്‍കിയ ഹര്‍ജികളാണ് കോടതി തള്ളിയത്. തിമിര ശസ്ത്രക്രിയ, മാതാപിതാക്കളുടെ വാർധക്യ സഹജമായ അസുഖം, കാർഷികോൽപ്പന്നങ്ങളുടെ വിളവെടുപ്പ് എന്നിങ്ങനെ വ്യത്യസ്തമായ കാരണങ്ങളാണ് ഹർജിയിൽ പറഞ്ഞിരുന്നത്. കീഴടങ്ങാനുള്ള സമയം ജനുവരി 21ന് അവസാനിക്കും.

2002ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന കൂട്ടബലാല്‍സംഗത്തില്‍ മുംബൈയിലെ സി.ബി.ഐ കോടതിയാണ്‌ 2009ല്‍ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയെന്നും വിട്ടയക്കണമെന്നും പ്രതികളില്‍ ഒരാള്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനെ നിയോഗിച്ചു. ഇതിനു പിന്നാലെയാണ് 2022ല്‍ പതിനൊന്ന് പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top