യുവതിയുടെ ചെവിയടിച്ച് പൊട്ടിച്ച ഡിവൈഎഫ്‌ഐ നേതാവിനെ പിടികൂടാതെ പോലീസ്; സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും നടപടിയില്ല; മന്ത്രിമാരുടെ പരിപാടിയിലടക്കം പങ്കെടുത്ത് പ്രതി ജയ്‌സണ്‍ ജോസഫ്

പത്തനംതിട്ട : കെ.എസ്.യു പ്രവര്‍ത്തകയുടെ മുഖത്തടിച്ച ഡിവൈഎഫ് നേതാവിനെ പിടികൂടാതെ പോലീസിന്റെ ഒളിച്ചുകളി. സുപ്രീം കോടതി വരെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പ്രതിക്കെതിരെ ഒരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല. പ്രതിയായ ജയ്‌സണ്‍ ജോസഫ് സാജനെ കണ്ടെത്താനാകുന്നില്ല എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പൊതുചടങ്ങുകളിലടക്കം പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് പങ്കെടുക്കുന്നുണ്ട്. ഇന്നലെ നടന്ന ഇടത് പ്രതിഷേധ കൂട്ടായ്മയുടെ വേദിയിലും ജയ്‌സണുണ്ടായിരുന്നു. പോലീസ് സാന്നിധ്യത്തിലാണ് ഈ പരിപാടികളെല്ലാം നടന്നത്. ഇത് ഒത്തുകളി വ്യക്തമാക്കുന്നതാണ് എന്നാണ് കെ.എസ്.യു ആരോപിക്കുന്നത്.

കടമനിട്ട മൗണ്ട് സിയോണ്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ നിള എസ്.പണിക്കരെയാണ് ക്യാംപസിനുള്ളില്‍ വച്ച് സഹപാഠിയായ ജയ്‌സണ്‍ തല്ലിയത്. ജയ്‌സനൊപ്പം ജെറോം, അതുല്‍, ആദിത്യ ശങ്കര്‍, അബ്ദുല്‍ മാലിക് എന്നിവരും ആക്രമിച്ചെന്നും മുടിക്ക് പിടിച്ച് അടിക്കുകയും,ഉടുപ്പ് വലിച്ചു കീറുകയും, സ്വാകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരുമല ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവതിയുടെ കേള്‍വിശക്തി 65 ശതമാനവും നഷ്ടമായതായി കണ്ടെത്തിയത്. ഇതിനുളള വിദഗ്ദ്ധ ചികിത്സയിലാണ് യുവതി ഇപ്പോഴുള്ളത്.

ഡിസംബര്‍ ഇരുപതിനാണ് മര്‍ദനമുണ്ടായത്. അന്ന് തന്നെ യുവതി ആറന്‍മുള പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയാറായില്ല. ഡിസംബര്‍ 23ന് കെ.എസ്.യു പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. ഒപ്പം പരാതി നല്‍കിയ യുവതിക്കെതിരെ എസ്.സി, എസ്.ടി വകുപ്പ് പ്രകാരവും സ്റ്റേഷന്‍ ഉപരോധിച്ചതുമടക്കം മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളില്‍ നിള മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തു.

മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ കോടതിയെ സമീപിച്ചെങ്കിലും ജയ്‌സണ്‍ ഒഴികെയുള്ള പ്രതികള്‍ക്ക് മാത്രമാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. സമാനമായ കേസില്‍ പ്രതിയായതിനാലാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാന്നിയില്‍ യുവതിയുടെ കൈ തല്ലിയൊടിച്ച കേസിലും പ്രതിയായിരുന്നു ജയ്‌സണ്‍. ഹൈക്കോടതിയുടെ ഈ നിരീക്ഷണത്തില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീം കോടതിയും വിധിച്ചത്. എന്നിട്ടും പ്രതിയെ പിടികൂടാന്‍ പോലീസ് തയാറായിട്ടില്ല. നിലവില്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ആന്വേഷണം നടക്കുന്നത്.

ജയ്‌സണെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് സര്‍ക്കാര്‍ തലത്തില്‍ തന്നെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കെ.എസ്.യു ആരോപിക്കുന്നു. മന്ത്രിമാരുടെ പരിപാടിയിലടക്കം ജെയ്‌സണ്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ഇത് പലവട്ടം പോലീസിനെ അറിയിച്ചിട്ടും ഒന്നും ചെയ്തില്ലെന്ന് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പിണറായിയുടെ പോലീസില്‍ നിന്നും ഇതില്‍ കൂടുതല്‍ നീതി പ്രതീക്ഷിക്കുന്നില്ല. പ്രതികള്‍ക്കെതിര ഐപിസി 326 കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ തിങ്കളാഴ്ച വിധിവരും. എന്നിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കെ.എസ്.യുവിന്റേയും നിളയുടേയും തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top