വിറ്റത് 22217 ഇലക്ടറൽ ബോണ്ടുകൾ; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി എസ്ബിഐ; പാര്‍ട്ടികള്‍ക്ക് ആരൊക്കെ പണം നല്‍കിയെന്ന കാര്യം ഇപ്പോഴും രഹസ്യം

ഡൽഹി: സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. 22,217 ബോണ്ടുകളാണ് വിറ്റത്. ഇതില്‍ 22,030 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കിയെന്നും എസ്ബിഐ നല്‍കിയ വിവരത്തിലുണ്ട്.

ഇലക്ടറൽ ബോണ്ട് രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന ഉത്തരവ് നടപ്പിലാക്കിയ ശേഷം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. എന്നാല്‍ ഓരോ പാർട്ടിക്കും ആരൊക്കെ എത്ര പണം നല്‍കി എന്നുള്ള നിര്‍ണായക വിവരം എസ്ബിഐ നല്‍കിയിട്ടില്ല. ഇതിന് ജൂൺ 30 വരെ സാവകാശം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

2019 ഏപ്രിൽ ഒന്നിനും 11-നുമിടയിൽ 3346 ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. ഇതിൽ 1609 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കി മാറ്റി. 2019 ഏപ്രിൽ 12-നും, 2024 ഏപ്രിൽ 15-നുമിടയിൽ 18,871 ബോണ്ടുകൾ വാങ്ങി.ഈ കാലയളവുകളില്‍ 20,421 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കിയിട്ടുണ്ടെന്നും എസ്ബിഐ വിശദീകരിക്കുന്നു.

ബോണ്ടുകള്‍ വാങ്ങിയവരുടെ വിവരങ്ങളും ലഭിച്ച ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയ തീയതികളും തിരഞ്ഞെടുപ്പ് കമ്മീഷന് എസ്ബിഐ നല്‍കിയിട്ടുണ്ട്. ഇലക്ടറൽ ബോണ്ട്‌ വിവരങ്ങള്‍ വെള്ളിയാഴ്ച വൈകുന്നേരത്തിനകം തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top