ക്രൂരമെന്ന് സുപ്രീംകോടതി; കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ രഹസ്യമായി കാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധിയിൽ അതൃപ്തി പരസ്യമാക്കി ചീഫ് ജസ്റ്റിസ്

ചെന്നൈയിൽ നിന്നുള്ള ഇരുപത്തിയെട്ടുകാരനെതിരെ പോലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി നടത്തിയ നിരീക്ഷണമാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. ഹൈക്കോടതിയുടെ നിലപാട് ക്രൂരമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകരമല്ല എന്നായിരുന്നു ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെ സന്നദ്ധ സംഘടനയായ ജസ്‌റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ് നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹർജിയിൽ കോടതി നോട്ടീസയച്ചു.

ഒരു കുട്ടിയുമായി ബന്ധപ്പെട്ട അശ്ലീലദൃശ്യങ്ങൾ പ്രതി ഫോണിൽ ഡൌൺലോഡ് ചെയ്തതും കണ്ടതും ശാസ്ത്രിയ പരിശോധനയിൽ തിരിച്ചറിഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസ്. എന്നാൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് പോക്സോ നിയമത്തിൻ്റെ പരിധിയിൽ വരില്ല എന്നായിരുന്നു പ്രതിഭാഗം വാദ. അതിനായി കുട്ടികളെ ഉപയോഗിക്കുന്നത് മാത്രമാണ് കുറ്റകരമാകുക. അത് പ്രതി ചെയ്തിട്ടില്ല. മാത്രവുമല്ല, ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും അയച്ചുകൊടുക്കാനോ പ്രചരിപ്പിക്കാനോ ശ്രമിച്ചിട്ടില്ല എന്ന വാദവും അംഗീകരിച്ച് കൊണ്ടായിരുന്നു ഹൈക്കോടതി കേസ് റദ്ദാക്കിയത്.

എന്നാൽ ഹൈക്കോടതിയുടെ ഈ നിലപാട് കുട്ടികളുടെ സുരക്ഷയെ തന്നെ ബാധിക്കുന്നതാണെന്ന് ഹർജിക്കാർ വാദിച്ചു. വാർത്തകളിലൂടെ ഇത് സാധാരണക്കാരിലേക്ക് എത്തിക്കഴിഞ്ഞു. തിരുത്താൻ തയ്യാറായില്ലെങ്കിൽ ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കുട്ടികളെ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കാൻ പോലും ആളുകൾ തുനിഞ്ഞേക്കുമെന്നുമുള്ള വാദം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടപെട്ടിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top