ലൈഫ് മിഷൻ കോഴക്കേസ്, ശിവശങ്കറിന്റെ ജാമ്യം സുപ്രീംകോടതി നീട്ടി
ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ ആറുമാസമായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് അനുവദിച്ച ഇടക്കാല ജാമ്യം സുപ്രീംകോടതി രണ്ടുമാസം കൂടി നീട്ടി. ആരോഗ്യകാരണങ്ങളെ തുടർന്നാണ് കാലാവധി നീട്ടിയത്.
സുപ്രീംകോടതി നേരത്തെ ശിവശങ്കറിന് രണ്ടുമാസത്തെ ജാമ്യം അനുവദിച്ചിരുന്നു. ഒക്ടോബർ 2-ന് ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ശിവശങ്കർ വീണ്ടും കോടതിയിലെത്തിയത്. നട്ടെല്ലിന്റെ രണ്ടാമത്തെ ശസ്ത്രക്രിയക്കു കൂടുതൽ സമയം അനുവദിക്കണമെന്ന ശിവശങ്കറിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് പുതിയ ഉത്തരവ്. ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, എം.എം.സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ലൈഫ് മിഷൻ അഴിമതിക്കേസിൽ കഴിഞ്ഞ ഫെബ്രുവരി 15-ന് ഇഡി അറസ്റ്റ് ചെയ്ത ശിവശങ്കർ ആറ് മാസമായി ജയിലിൽ കഴിയുകയായിരുന്നു . ജാമ്യമനുവദിക്കുന്നത് ഏതുവിധേനെയും തടയാനായിരുന്നു എൻഫോഴ്‌സ്‌മെന്റ് നീക്കം. ആരോഗ്യ പ്രശ്ങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രിം കോടതിയിൽ എതിർ സത്യവാങ്മൂലവും നൽകിയിരുന്നു.
ജാമ്യം അനുവദിച്ചാൽ അന്വേഷണത്തിനെ പ്രതികൂലമായി ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമുള്ള വാദമാണ് ഇഡി കോടതിയിൽ ഉയർത്തിയത്. ശസ്ത്രക്രിയ കസ്റ്റഡിയിൽ ഇരുന്നാലും നടത്താമെന്നായിരുന്നു ഇഡി വാദം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, ആശുപത്രിയിലും വീട്ടിലുമല്ലാതെ മറ്റെങ്ങും പോകരുത് തുടങ്ങിയ കർശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here