ഇനി നല്ല പിള്ളയായി ഗവര്‍ണര്‍ പെരുമാറും; നിയമസഭ പാസാക്കിയ ആറ് ബില്ലുകളില്‍ അര്‍ലേക്കര്‍ ഒപ്പിടും

കേരള നിയമസഭ അടുത്തിടെ പാസ്സാക്കിയ ആറ് ബില്ലുകള്‍ ഉടന്‍ ഗവര്‍ണ്ണറുടെ പരിഗണനക്ക് എത്തും. ബില്ലുകളില്‍ ഒപ്പിടാതെ അനിശ്ചിതമായി തട്ടിക്കളിക്കാന്‍ പുതിയ സാഹചര്യത്തില്‍ സാധ്യമല്ല. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ സമയ പരിധിക്കുള്ളില്‍ ഒപ്പിടാതെ വേറെ വഴിയില്ല.
ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണ്ണറായിരുന്ന കാലത്തെ പ്രതിസന്ധികള്‍ ഇത്തവണ കേരളത്തിന് നേരിടേണ്ടിവരില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 അനുസരിച്ച് ഗവര്‍ണര്‍മാര്‍ എങ്ങനെയാണ് ബില്ലുകളെ സമീപിക്കേണ്ടത് എന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമായി പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് സഭ പാസ്സാക്കിയ ബില്ലുകള്‍ അനിശ്ചിതമായി പിടിച്ചുവെക്കാനോ രാഷ്ട്രപതിക്ക് വിട്ട് തട്ടിക്കളിക്കാനോ പറ്റില്ല. നിശ്ചിത സമയ പരിധിക്കുള്ളില്‍ ബില്ലുകളില്‍ ഒപ്പിട്ടേ പറ്റു.
സ്വകാര്യ സര്‍വകാലാശാല ബില്‍ (the Kerala State Private Universities (Establishment and Regulation) Bill, 2025) സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ( the University Laws (amendment) Bill, 2025)
വയോജന കമ്മീഷന്‍ ബില്‍ ( the Kerala State Elderly Commission Bill 2025,) യൂണിവേഴ്‌സിറ്റി നിയമ ഭേദഗതി ബില്‍ നമ്പര്‍ – 2 (the University Laws (Amendment) (No.2) Bill, 2025) കേരള കായിക നിയമ ബില്‍ 2024 (the Kerala Sports (amendment) Bill, 2024 ) കേരള വ്യവസായ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ബില്‍ ( the Kerala Industrial Infrastructure Development (Amendment) Bill, 2024) എന്നി ആറ് ബില്ലുകളാണ് രാജ്ഭവന്റെ അനുമതിക്കായി എത്തുന്നത്.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവര്‍ണര്‍മാരുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ കേസിലായിരുന്നു സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഗവര്‍ണര്‍മാര്‍ക്ക് വീറ്റോ അധികാരം ഭരണഘടന നല്‍കുന്നില്ല. നിയമസഭ പാസാക്കിയ ബില്ലുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. തിരിച്ചയക്കുന്ന ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി അയച്ചാല്‍ ഗവര്‍ണര്‍മാര്‍ ഒരു മാസത്തിനുള്ളില്‍ അംഗീകാരം നല്‍കണമെന്നുമായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഇതാദ്യമായാണ് ബില്ലുകളില്‍ ഒപ്പുവെക്കുന്നതിന് സുപ്രീം കോടതി കാലപരിധി നിശ്ചയിച്ചത് ..
സുപ്രീം കോടതി വിധിയുടെ സാഹചര്യത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഉടന്‍ ഒപ്പുവെക്കാനാണ് സാധ്യത. അനിശ്ചിത കാലത്തേക്ക് ബില്ലുകളില്‍ അടയിരിക്കുന്ന സമ്പ്രദായം ഗവര്‍ണര്‍മാര്‍ക്ക് ഇനി തുടരാന്‍ കഴിയില്ല. മുന്‍ ഗവര്‍ണര്‍ ആരിഫ് ഖാന്‍ നിയമസഭ പാസാക്കിയ പല ബില്ലുകളും ഒപ്പിടാതെ പിടിച്ചുവെക്കുകയും ചില ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തിരുന്നു. സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍മാര്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ നിയമ സഭ പാസ്സാക്കുന്ന ബില്ലുകളില്‍ ഒപ്പിടാതെ വേറെ വഴിയില്ല. അമിതാധികാര പ്രയോഗങ്ങള്‍ക്കാണ് പരമോന്നത കോടതി കടിഞ്ഞാണിട്ടത്.
സഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ പിടിച്ചുവെച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടി ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാനവിധി. ഭരണഘടനയുടെ 200-ാം അനുഛേദ പ്രകാരമാണ് ഗവര്‍ണര്‍മാര്‍ തീരുമാനമെടുക്കേണ്ടത്. 200-ാം അനുഛേദത്തില്‍ ആര്‍ക്കും പോക്കറ്റ് വീറ്റോ അധികാരമോ, സമ്പൂര്‍ണ്ണ വീറ്റോ അധികാരമോ നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here