ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് ഇടക്കാല ജാമ്യം
ന്യൂഡല്‍ഹി: ലൈഫ് മിഷൻ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇടക്കാല ജാമ്യം. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ധരുടെ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീംകോടതി രണ്ടുമാസത്തെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
സാക്ഷികളെ കാണുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്ന കർശന ഉപാധിയോടെയാണ് ജാമ്യം. ചികിത്സ നടക്കുന്ന ആശുപത്രിയും വീടും ഒഴികെ മറ്റൊരിടത്തും ശിവശങ്കർ സന്ദർശനം നടത്തരുതെന്നും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ഏപ്രിലിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയുള്ള അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. എം ശിവശങ്കറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഭിഭാഷകന്‍ മനു ശ്രീനാഥ് എന്നിവര്‍ ഹാജരായി.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ ശിവശങ്കറിന്റെ ചികിത്സ നടത്താമെന്നും പ്രതി പറയുന്ന സ്വകാര്യ ആശുപത്രിയില്‍ തന്നെ അദ്ദേഹത്തിന്റെ ചെലവില്‍ ചികിത്സ നടത്താമെന്നും ഇഡിക്കുവേണ്ടി ഹാജരായ തുഷാര്‍ മേത്ത വാദിച്ചു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷവും ചികിത്സ തുടരേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ലൈഫ് മിഷൻ കേസിൽ ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനാണ് എം ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. തുടർന്ന് കഴിഞ്ഞ ആറ് മാസമായി ജയിലിൽ കഴിയുകയാണ് അദ്ദേഹം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here