കേരള ഗവർണർക്ക് തിരിച്ചടിയോ; ഇന്നലെ അപ്‌ലോഡ് ചെയ്ത വിധി വായിച്ച് പഠിക്കാൻ രാജ്ഭവന് സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: ഗവര്‍ണര്‍ ബാന്‍വാരി ലാല്‍ പുരോഹിതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ കേസിൻ്റെ ഉത്തരവ് വായിക്കാൻ കേരള രാജ്ഭവൻ സെക്രട്ടറിയോട് സുപ്രീംകോടതി. തുടർന്ന് കേരളം സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ഉത്തരവ് വായിച്ച ശേഷം അനുമതി നൽകാത്ത ബില്ലുകൾ സംബന്ധിച്ച നിലപാട് അറിയിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ സെക്രട്ടറിയോട് കോടതി നിർദേശിച്ചു. പഞ്ചാബ് സർക്കാർ നൽകിയ ഹർജിയിലെ ഉത്തരവിന്റെ പകർപ്പ് ഇന്നലെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആ ഉത്തരവ് കേരള ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇന്ന് നിർദേശിച്ചു.

അദാനിക്കെതിരായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേൾക്കൽ നീണ്ടു പോയതിനാൽ കേരളം നൽകിയ നൽകിയ ഹർജിയിൽ ഇന്ന് വിശദമായ വാദം കേൾക്കാൻ കോടതിക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം. ഹർജിയിൽ പരാമർശിക്കാത്ത എട്ട് ബില്ലുകളുടെ പട്ടിക കൂടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു. എട്ട് ബില്ലുകളിൽ തീരുമാനം വൈകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം നേരത്തേ ഹർജി നൽകിയിരുന്നത്.

ബില്ലുകൾക്ക് അനുമതി നൽകാതെ പിടിച്ചുവച്ചു കൊണ്ട് ഗവർണർക്ക് നിയമസഭയെ മറികടക്കാനാവില്ല എന്നായിരുന്നു ഗവര്‍ണക്കര്‍ക്കെതിരെ പഞ്ചാബ് സർക്കാർ നൽകിയ കേസിലെ വിധി. അനുമതി നൽകാതെ തിരിച്ചയക്കുന്ന ബില്ലുകൾ വീണ്ടും പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്നും വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന പ്രതിനിധി മാത്രമാണ് സംസ്ഥാന ഗവർണർ. ഗവർണർ സംസ്ഥാനത്തിന്‍റെ തിരഞ്ഞെടുക്കപ്പെടാത്ത തലവനാണ്. നിയമസഭയുടെ നിയമനിർമാണ അധികാരങ്ങളെ അട്ടിമറിക്കാൻ ഗവർണർക്ക് കഴിയില്ല. പാർലമെന്‍ററി ജനാധിപത്യത്തിൽ ജനപ്രതിനിധികൾക്കാണ് അധികാരം. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇത് ബാധകമാണെന്നായിരുന്നു വിധിന്യായത്തിൽ കോടതി വ്യക്തമാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top