പതഞ്ജലിയുടെ പരസ്യങ്ങൾ നിരോധിച്ച് സുപ്രീംകോടതി; സർക്കാർ ഇതുവരെ എന്ത് നടപടി സ്വീകരിച്ചെന്നും കോടതി
ഡൽഹി: പതഞ്ജലിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പതഞ്ജലിയുടെ പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അവ നിരോധിച്ചതായും കോടതി പറഞ്ഞു. കമ്പനിയ്ക്കും മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കും കോടതി നോട്ടീസ് അയച്ചു. പതഞ്ജലിയുടെ ആയുർവേദ ഉത്പന്നങ്ങളെക്കുറിച്ച് തെറ്റായ പരസ്യങ്ങൾ നൽകുന്നത് ഒഴിവാക്കണമെന്ന് ഇക്കഴിഞ്ഞ നവംബറിൽ കോടതി നിർദേശം നൽകിയിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് വീണ്ടും സമാന രീതിയിൽ പരസ്യങ്ങള്‍ നല്‍കിയത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ‘രോഗങ്ങളിൽ നിന്ന് ശാശ്വത പരിഹാരം’ എന്ന പരസ്യവാചകത്തിലാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. എന്താണ് ശാശ്വത പരിഹാരം എന്ന് കോടതി ചോദിച്ചു. കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടോയെന്ന് അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ഹിമ കോഹ്ലി അഹ്സനുദ്ദിൻ അമനുളള എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പതഞ്ജലിയുടെ ഇത്തരം പരസ്യങ്ങൾ നിരോധിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ അറിയിക്കാനും കോടതി ഉത്തരവിൽ പറയുന്നു.
2023 നവംബറിൽ തെറ്റിദ്ധരിപ്പിക്കുന്നപരസ്യം നൽകരുതെന്ന സുപ്രീംകോടതി ഉത്തരവ് വന്നിരുന്നു. ഇതിനു പിന്നാലെ ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും വാർത്താസമ്മേളനം വിളിച്ചുചേർത്ത് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നെന്ന് ഐഎംഎ ഹർജിയിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല പതഞ്ജലിയുടെ ആയുർവേദ ഉത്പന്നങ്ങൾ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങി പല അസുഖങ്ങൾക്കും ശാശ്വത ശമനം തരുമെന്നുമുള്ള പരസ്യങ്ങൾ തുടർന്നും നൽകിയതായും ഐഎംഎ ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here