കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജുണ്ടോ; കേന്ദ്രം സുപ്രീംകോടതിയില്‍ ഇന്ന് വ്യക്തമാക്കും; പ്രത്യേകം അനുവദിച്ച 5000 കോടിയും ഇന്നെത്തും
ഡല്‍ഹി: കേരളം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജുണ്ടോ എന്ന കാര്യം ഇന്ന് വ്യക്തമാകും. തീരുമാനം സുപ്രീംകോടതിയെ ബുധനാഴ്ച രാവിലെ അറിയിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. വെങ്കിട്ടരാമന്‍ പറഞ്ഞത്. അവകാശപ്പെട്ട കേന്ദ്രഫണ്ടുകള്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന സംസ്ഥാനത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച കോടതി വാദംകേള്‍ക്കാമെന്നും അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ച്ച് 31-നകം ഒറ്റത്തവണ പ്രത്യേക പാക്കേജ് അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ആദ്യം എതിര്‍പ്പുന്നയിച്ചെങ്കിലും ബുധനാഴ്ച രാവിലെ പത്തരയോടെ തീരുമാനമറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. വെങ്കിട്ടരാമന്‍ പറഞ്ഞു. ഏപ്രില്‍ ഒന്നിനു അടിയന്തരസഹായമായി 5,000 കോടി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും അടുത്ത 10 ദിവസത്തെ പ്രതിസന്ധിയാണ് കണക്കിലെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഈ നിര്‍ദേശം കോടതി തള്ളി.
ധനപ്രതിസന്ധി മറികടക്കാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കേരളം വീണ്ടും കോടതിയിലെത്തിയത്. കേരളത്തിന് ഇന്നലെ ലഭിച്ച 5,000 കോടി ബുധനാഴ്ച ട്രഷറിയില്‍ എത്തും. അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധി കാരണം ഒട്ടേറെ ബില്ലുകള്‍ തടഞ്ഞുവെച്ചിട്ടുണ്ട്. ഇപ്പോള്‍ അനുവദിച്ച തുക സര്‍ക്കാരിന് നേരിയ ആശ്വാസം നല്‍കുന്നതാണ്. ട്രഷറി നിയന്ത്രണത്തില്‍ ചെറിയതോതില്‍ അയവ് വരുത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here