കടമെടുപ്പ് പരിധിയില്‍ ഇടക്കാല ആശ്വാസം ഇല്ല; കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു, കേന്ദ്രത്തിന് മുന്‍‌തൂക്കം

ഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടാൻ കടമെടുപ്പ് പരിധി ഉയർത്താൻ ഇടക്കാല ആശ്വാസം അനുവദിക്കണമെന്നുള്ള കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കടമെടുപ്പ് പരിധി ഉയർത്താനുള്ള ഹർജി സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേരളം സമർപ്പിച്ച സ്യൂട്ട് ഹർജിയിൽ ഭരണഘടനയിലെ 293, 131 എന്നീ അനുച്ഛേദങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് വിശദമായി പരിശോധിക്കാനാണ് ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടത്. കൂടുതല്‍ തുക കടമെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. കേരളത്തിന് ഇളവുനൽകിയാല്‍ മറ്റു സംസ്ഥാനങ്ങളും സമാന ആവശ്യമുയര്‍ത്തുമെന്നായിരുന്നു വിഷയത്തിൽ കേന്ദ്ര‌ത്തിന്റെ വാദം. അടുത്ത സാമ്പത്തികവര്‍ഷത്തെ പരിധിയില്‍ കുറയ്ക്കാമെന്ന വ്യവസ്ഥയിൽ 5000 കോടി അനുവദിക്കാമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഈ തുക മതിയാവില്ലെന്നാണ് കേരളത്തിന്റെ വാദം. ഒരു വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസിൽ വാദം നേരത്തെ പൂർത്തിയായിരുന്നു.

ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തിനോടും കേരളത്തിനോടും കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇതിൽ ഫലമില്ലാതെ വന്നതോടെയാണ് കേസിൽ കോടതി വീണ്ടും വാദം കേട്ടത്.  ഭരണഘടനാ ബെഞ്ചിന് വിട്ടതിനാൽ ഉടൻ വിധിയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top