നീറ്റ് പിജി പരീക്ഷ 11ന് തന്നെ; മാറ്റിവയ്ക്കണമെന്ന അവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി

നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് 11ന് പരീക്ഷ നടക്കും എന്ന് ഉറപ്പായി. കുറച്ചു പേരുടെ പരാതി കാരണം രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞു . ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഏതു നഗരത്തിൽ പരീക്ഷയെഴുതേണ്ടി വരുമെന്ന് ജൂലായ് 31ന് മെഡിക്കൽ സയൻസസ് ദേശീയ പരീക്ഷാ ബോർഡ് വിദ്യാർത്ഥികളെ അറിയിച്ചിരുന്നു. രാജ്യത്തെ 185 നഗരങ്ങളിലാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പരീക്ഷാകേന്ദ്രം ഏതെന്ന് അറിയിച്ചില്ലെന്നും ഇത് പരീക്ഷാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. 2.8 ലക്ഷം വിദ്യാർത്ഥികളാണ് നീറ്റ് പിജി പരീക്ഷ എഴുതുന്നത്.
മൂന്ന് ദിവസത്തിന് ശേഷം നടക്കേണ്ട പരീക്ഷാകേന്ദ്രം നിശ്ചയിച്ച് നൽകിയത് കഴിഞ്ഞ ദിവസമാണ്. നിലവിൽ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനുള്ള ട്രെയിൻ ടിക്കറ്റുകളും ലഭ്യമല്ല. ഭീമമായ വിമാന ടിക്കറ്റ് നിരക്ക് പരീക്ഷ എഴുതുന്നതിൽ നിന്നും പിൻവാങ്ങുന്നതിന് പ്രേരിപ്പിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി.
പരീക്ഷാ ക്രമക്കേടുകൾ തടയാനാണ് ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ നടത്തിയതെന്നാണ് അധികൃതരുടെ വാദം. ഈ നടപടികൾ കാരണം വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് സൗകര്യപ്രദമായ നഗരങ്ങളും പരീക്ഷാകേന്ദ്രങ്ങളും അനുവദിക്കുകയും പരീക്ഷാതീയതി പുതുക്കി നിശ്ചയിക്കുകയും ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് ജൂൺ 23ന് നടത്താനിരുന്ന പിജി പരീക്ഷ നേരത്തെ മാറ്റിവെച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here