ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി; ‘ഹൈക്കോടതി വിധി യുക്തിസഹം’
ന്യൂഡല്‍ഹി: തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട പ്രൊഫസര്‍ ജിഎന്‍ സായിബാബയെയും മറ്റ് അഞ്ച് പേരെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ആണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജി പരിഗണിച്ചത്. ഹൈക്കോടതിയുടെ വിധി യുക്തിസഹമാണെന്ന് സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. ജിഎന്‍ സായിബാബയേയും മറ്റുള്ളവരേയും ഹൈക്കോടതിയുടെ രണ്ട് വ്യത്യസ്ത ബെഞ്ചുകള്‍ രണ്ട് തവണ വെറുതെ വിട്ടതായി ബെഞ്ച് ചൂണ്ടിക്കാട്ടി.
2022 ഒക്ടോബര്‍ 14 ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ജിഎന്‍ സായിബാബ അടക്കമുള്ള മുഴുവന്‍ പ്രതികളുടെയും ശിക്ഷ വിധി റദ്ദാക്കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 15 ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ അടിയന്തര ഹര്‍ജിയെ തുടര്‍ന്ന് സുപ്രീം കോടതി പ്രത്യേക സിറ്റിങ് നടത്തുകയും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. 2023 ഏപ്രിലില്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. തുടര്‍ന്ന് കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിലേക്ക് വിട്ടു. ഇന്ന് ഹര്‍ജി പരിഗണിക്കവെ ഇക്കാര്യവും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ‘
2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജിഎന്‍ സായിബാബ അടക്കമുള്ളവര്‍ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരും ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷണം ആരംഭിച്ചത്. ആദിവാസി വിഭാഗങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എന്ന പേരില്‍ നടത്തിയ പൊലീസ് നടപടിക്കെതിരെ സായിബാബ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇവര്‍ക്കെതിരെ കേസെടുത്തത്.
ജീവനോടെ പുറത്തുവന്നത് അത്ഭുതമെന്നായിരുന്നു ജയിൽ മോചിതനായ ശേഷം 54കാരനായ പ്രൊഫസർ സായിബാബ പറഞ്ഞത്. ആറ് പ്രതികളിലൊരാള്‍ ജയിലില്‍ വച്ച് മരിച്ചിരുന്നു. ഒരു കാൽ നഷ്ടപ്പെട്ട് ശരീരത്തിന്റെ ഭൂരിഭാഗവും തളർന്ന് വീല്‍ ചെയര്‍ സഹായത്തില്‍ കഴിയുന്ന ജിഎന്‍ സായിബാബ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. “എൻ്റെ ആരോഗ്യം വളരെ മോശമാണ് സംസാരിക്കാൻ കഴിയില്ല, ആദ്യം ചികിത്സ തേടണം അതിനു ശേഷമെ സംസാരിക്കാൻ കഴിയൂ,” എന്നായിരുന്നു വ്യാഴാഴ്ച രാവിലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സായിബാബ മാധ്യമങ്ങളോട് പറഞ്ഞത്.
ഒന്നല്ല, രണ്ടുതവണയാണ് ഈ കേസിന് നിയമപരമായ അടിത്തറയില്ലെന്ന് ഉന്നത കോടതികൾ പറഞ്ഞത്. എന്നിട്ടും ജയിലിലടച്ചവർ എന്റെയും എനിക്കൊപ്പം ജയിലിലടച്ചവരുടെയും പത്തുവർഷത്തെ ജീവിതമാണ് ഇരുട്ടിലാക്കിയത്. ഒരു പ്രൊഫസർ എന്ന നിലയിൽ കഴിഞ്ഞ പത്ത് വർഷത്തോളം എന്നെ എൻ്റെ വിദ്യാർത്ഥികളിൽ നിന്ന് അകറ്റിനിർത്തി. മനുഷ്യത്വരഹിതവും ക്രൂരവുമായ സാഹചര്യങ്ങളായിരുന്നു ജയിലിൽ. സ്വന്തമായി ചലിക്കാനാകുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ. പരസഹായമില്ലാതെ ടോയ്‌ലറ്റിൽ പോകാനോ കുളിക്കാനോ സാധിക്കാതെയായി. ആരോഗ്യം കൂടുതൽ വഷളായി. അത്ഭുതമാണ് ജീവനോടെ ജയിലിൽ നിന്ന് പുറത്തു വന്നത്.”
രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാണെന്ന് കാട്ടിയാണ് ഗച്ഛിറോളിയിലെ സെഷന്‍സ് കോടതിയാണ് 2017ൽ സായിബാബയെയും മറ്റ് അഞ്ച് പേരെയും ശിക്ഷിച്ചത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്‌തെന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്. ഐപിസിയിലെ വിവിധ വകുപ്പുകള്‍, യുഎപിഎ എന്നിവ അനുസരിച്ചാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്.
ഗച്ഛിറോളിയിൽ ഉൾപ്പെടെ മാവോയിസ്റ്റുകള്‍ക്കിടയില്‍ പ്രചരിപ്പിക്കാനുള്ളതും, അക്രമത്തിന് പ്രേരിപ്പിക്കുന്നതുമായ ലഘുലേഖകളും പുസ്തകങ്ങളും സായിബാബയുടെ പക്കലുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള സംശയങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ കൃത്യമായ തെളിവുകള്‍ പ്രോസിക്യൂഷന് നിരത്താന്‍ കഴിഞ്ഞില്ലെന്ന് ബോംബെ ഹൈക്കോടതി ബെഞ്ച് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here