സാംസണ്‍ ബില്‍ഡേഴ്‌സ് ഉടമകള്‍ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് സുപ്രീം കോടതി; ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഡല്‍ഹി : ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ സാംസണ്‍ ബില്‍ഡേഴ്‌സ് ഉടമകളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി സുപ്രീം കോടതി. പ്രതികള്‍ 15 ദിവസത്തിനകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു. ബില്‍ഡേഴ്‌സ് ഉടമ ജേക്കബ് സാംസണ്‍ മക്കളായ ജോണ്‍ ജേക്കബ്, സാമുവേല്‍ ജേക്കബ് എന്നീ പ്രതികളാണ് കീഴടങ്ങേണ്ടത്. സ്ഥിര ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.

പേട്ട സ്വദേശി സജാദ് കരീം എന്നയാള്‍ നല്‍കിയ കേസിലാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. ഈ കേസില്‍ നേരത്തെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇത് ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെയാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു സുപ്രീം കോടതി ചെയ്തത്.

ഫ്ലാറ്റ് തട്ടിപ്പില്‍ സാംസണ്‍ ബില്‍ഡേഴ്‌സ് ഉടമകള്‍ക്കെതിരെ 120 ഓളം കേസുകളാണ് നിലവിലുളളത്. ഫ്ലാറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നാണ് കേസുകളില്‍ ഭൂരിഭാഗവും. സാംസണ്‍ ബില്‍ഡേഴ്‌സിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ ജോണ്‍ ജേക്കബിന്റെ ഭാര്യയും നടിയുമായ ധന്യ മേരി വര്‍ഗീസ് ചില കേസുകളില്‍ പ്രതിയാണ്. എന്നാല്‍ പേട്ട സ്വദേശി നല്‍കിയ കേസില്‍ ധന്യ പ്രതിയല്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top