26 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതിയില്ല; വിവാഹിതയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: 26 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്ന ഡൽഹി സ്വദേശിനിയുടെ ഹർജി സുപ്രീംകോടതി തള്ളി. രണ്ട് കുട്ടികളുടെ അമ്മയായ വിവാഹിതയായ യുവതിയാണ് ഗർഭമലസിപ്പിക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. കോടതി നിർദേശിച്ച മെഡിക്കൽ പരിശോധനയിൽ ഗർഭസ്ഥശിശുവിനും ഗർഭിണിയ്ക്കും യാതൊരു വിധത്തിലുമുള്ള വൈക്യലവുമില്ലെന്ന ഓൾ ഇന്ത്യ ഇൻസ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ് ) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹർജി തള്ളിയത്.
“അമ്മയ്ക്കും കുഞ്ഞിനും ഒരു വിധത്തിലുമുള്ള ആരോഗ്യഅരക്ഷിതാവസ്ഥ ഇല്ലാത്തതിനാൽ 26 ആഴ്ചയും അഞ്ച് ദിവസവും വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകുന്നത് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ടിന്റെ മൂന്ന്, അഞ്ച് വകുപ്പുകളുടെ ലംഘനമാകും”- ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി
യുവതിയുടെ എല്ലാ ചികിത്സാ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കാനും കോടതി നിർദേശിച്ചു. കുട്ടിയെ ദത്തെടുക്കാൻ വിട്ടുകൊടുക്കണമോയെന്ന കാര്യത്തിൽ യുവതിയുടെ മാതാപിതാക്കൾക്ക് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
രണ്ടുകുട്ടികളുടെ അമ്മയായ തനിക്ക് ഇനിയൊരു കുഞ്ഞിനെക്കൂടി വളർത്താൻ മാനസികമായോ ശാരീരികമായോ ആയ പ്രാപ്തിയില്ലെന്ന് 27 കാരിയായ ഹർജിക്കാരി കോടതിയിൽ വാദിച്ചു. യുവതിയുടെ ഹർജി പരിഗണിച്ച കോടതി ഒക്ടോബർ 9 ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ വിദഗ്ധസംഘത്തിന്റ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഹർജി വീണ്ടും കോടതി പരിഗണിച്ചത്.
അതേ സമയം, നിയമപരമായ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി 2022 സെപ്റ്റംബറിൽ വിധി പ്രസ്താവിച്ചിരുന്നു. വിവാഹിതര്‍ക്കൊപ്പം അവിവാഹിതരായ സ്ത്രീകള്‍ക്കും ഇക്കാര്യത്തില്‍ തുല്യ അവകാശമുണ്ടെന്നായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി.
നിലവിലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ഭേദഗതി നിയമം 2021 പ്രകാരം, 24 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് ചില പ്രത്യക വിഭാഗങ്ങള്‍ക്ക് മാത്രമാണ് അനുമതി. ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, ഗര്‍ഭാവസ്ഥയിലിരിക്കെ വൈവാഹിക നിലയിലെ മാറ്റം (വിധവയാവുകയോ വിവാഹമോചനം നേടുകയോ ചെയ്യുക), ശാരീരിക വൈകല്യമുള്ള സ്ത്രീകള്‍, ബുദ്ധിമാന്ദ്യം ഉള്‍പ്പെടെയുള്ള മാനസിക രോഗങ്ങളുള്ളവര്‍, ഗുരുതരമായ വൈകല്യങ്ങളോടെ കുട്ടി ജനിക്കാനുള്ള സാഹചര്യം, ഗവണ്‍മെന്റ് പ്രഖ്യാപിച്ചേക്കാവുന്ന ദുരന്തത്തിലോ അടിയന്തര സാഹചര്യങ്ങളിലോ ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ തുടങ്ങിയ അവസ്ഥകളിലാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി. 1971ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം രാജ്യത്ത് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഗര്‍ഭച്ഛിദ്രം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here