മസ്ജിദ് സർവേകൾക്ക് തടയിട്ട് സുപ്രീം കോടതി; ഹർജികൾ സ്വീകരിക്കരുതെന്നും വിധി പറയരുതെന്നും കീഴ്ക്കോടതികള്‍ക്കും നിർദേശം

രാജ്യത്തെ മസ്ജിദുകളുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ സർവേകളും നിർത്തിവയ്ക്കാൻ സുപ്രീം കോടതി. മസ്ജിദുകളിലെ പരിശോധന ആവശ്യപ്പെട്ട് സമർപ്പിക്കുന്ന ഹർജികൾ സ്വീകരിക്കുന്നതിൽ നിന്നും ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ നിന്നും കീഴ്ക്കോടതികളെയും വിലക്കിയിട്ടുണ്ട്. നിലവിൽ കോടതികളിലുള്ള കേസുകളിലും തുടർനടപടി തടഞ്ഞിരിക്കുകയാണ്. ഇടക്കാല ഉത്തരവുകളോ അന്തിമ വിധിയോ നൽകരുതെന്നാണ് കര്‍ശന നിർദ്ദേശം.
ആരാധനാലയ നിയമത്തില്‍ വാദം കേള്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള സിപിഎമ്മിന്റെയും മുസ്ലിം ലീഗിന്റെയും ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. വിഷയത്തിൽ നാലാഴ്ചക്കകം മറുപടി നൽകാൻ കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഗ്യാൻവാപി, മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ്, സംഭാൽ ഷാഹി ജുമാ മസ്ജിദ് കേസുകളിൽ ഇനിയൊരു ഉത്തരവ് പുറപ്പെടുവിപ്പിക്കരുത് എന്നുമാണ് ഉത്തരവ്. പത്ത് ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ച് സമർപ്പിച്ച 18 ഹർജികൾ വിവിധ കോടതികൾക്കു മുൻപിലുണ്ട്. ഇനിയും ഇത്തരം ഹര്‍ജികൾ അനുവദിക്കില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here