ആധാർ എന്തിനുള്ള രേഖയാണ്? ജനന തീയ്യതി തെളിയിക്കാനുള്ള രേഖയല്ലെന്ന് സുപ്രീം കോടതി

ഇന്ത്യയിലെ പൗരൻമാരുടെ പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നായ ആധാർ കാർഡ് സംബന്ധിച്ച് സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഒരു വ്യക്തിയുടെ ജനന തീയ്യതി തെളിയിക്കുന്നതിന് സാധുതയുള്ള തെളിവായി ആധാർ കാർഡ് പരിഗണിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേ സമയം സ്കൂളിൽനിന്നുള്ള വിടുതൽ സർട്ടിഫിക്കറ്റ് കൂടുതൽ വിശ്വസനീയമാണെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ സഞ്ജയ് കരോളണ്ട്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ഒരു വ്യക്തിയുടെ ഐഡന്‍റിറ്റി സ്ഥാപിക്കാൻ ആധാർ കാർഡുകൾ ഉപയോഗിക്കാമെന്നും എന്നാൽ ഒരാളുടെ ജനന തീയ്യതി നിർണയിക്കാൻ ആധാരമാകില്ലെന്നും 2018ലും 2023ലും യുനീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ രണ്ട് സർക്കുലറുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മോട്ടോർ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ അനുവദിച്ച നഷ്ടപരിഹാര തുകയ വെട്ടിക്കുറച്ച പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരെ സരോജ എന്ന സത്രീയും അവരുടെ പ്രായപൂർത്തിയാകാത്ത രണ്ട് മക്കളുമാണ് ഹർജി നൽകിയത്. നൽകിയ പരിഗണിക്കവെയാണ് ബെഞ്ച് വിധി പ്രസ്താവിച്ചത്. 2015 ആഗസ്റ്റ് നാലിന് റോഹ്തക്കിലുണ്ടായ വാഹനാപകടത്തിൽ ഭർത്താവ് മരിച്ചതിനെ തുടർന്ന് ട്രിബ്യൂണൽ ഇവർക്ക് 19,35,400രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു.
ട്രിബ്യൂണലിന്റെ ഉത്തരവിനെ ഇൻഷുറൻസ് കമ്പനി ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. കോടതി നഷ്ടപരിഹാര തുകയായ 19, 35,400 രൂപ 9,22,336 രൂപയാക്കി കുറയ്ക്കുകയായിരുന്നു. ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനന തീയ്യതിയുടെ അടിസ്ഥാനത്തിൽ മരിച്ചയാളുടെ പ്രായം കണക്കാക്കിയാണ് തുക വെട്ടിച്ചുരുക്കി ഉത്തരവിട്ടത്. തുക കുറച്ച ഹൈക്കോടതി നടപടി തെറ്റാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ സെക്ഷൻ 94ലെ രണ്ടാം ഉപവകുപ്പ് ചൂണ്ടിക്കാട്ടി സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റിന് നിയമപരമായ അംഗീകാരം നൽകിയിട്ടുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ് എന്നും സുപ്രീം കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ആധാർ കാർഡിൽ മരിച്ചയാളുടെ പ്രായം 47 ആയിരുന്നു. എന്നാൽ സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റിൽ ജനന തീയ്യതിയിൽ പ്രായം 45 ആണ്. നഷ്ടപരിഹാരത്തുക നിശ്ചയിക്കുമ്പോൾ സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്ന ഡേറ്റാണ് ട്രിബ്യൂണൽ പരിഗണിച്ചിരുന്നത്.
ജസ്റ്റിസ് കെ 2019 ലെ പുട്ടസ്വാമി Vs യൂണിയൻ ഓഫ് ഇന്ത്യയുടെയും ഇതര കേസുകളുടെയും പശ്ചാത്തലത്തിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ആധാർ എന്നത് മറ്റുള്ള രേഖകളെ അടിസ്ഥാനമാക്കി ചില സവിശേഷതകളോടെ തയ്യാറാക്കിയ ഒരു തിരിച്ചറിയൽ രേഖയാണെന്ന് വ്യക്തമാക്കിയിരുന്നു. 2018 ഡിസംബർ 20ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറത്തിറക്കിയ ഓഫിസ് മെമ്മോറാണ്ടം പരിശോധിച്ചു. യുഐഡിഎഐ അതിന്റെ 2023ലെ എട്ടാം നമ്പർ സർക്കുലർ വഴി തിരിച്ചറിയല്‍ രേഖയായി ആധാർ കാർഡ് നൽകാമെന്ന് പ്രസ്താവിച്ചതായി കണ്ടെത്തി. അത് ജനന തീയ്യതിയുടെ തെളിവല്ലെന്നും ഐഡന്‍റിറ്റി സ്ഥാപിക്കാനുള്ളതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here