തൊണ്ടിമുതൽ കേസ് ഗൗരവമുള്ളതെന്ന് സുപ്രീംകോടതി; ആൻ്റണി രാജുവിന്‍റെ ഹർജി നവംബർ 7ലേക്ക് മാറ്റി

ന്യൂഡൽഹി: ഗതാഗത മന്ത്രി ആൻ്റണിരാജുവിനെതിരായ തൊണ്ടിമുതൽ കേസ് ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതിയുടെ വാക്കാലുള്ള നിരീക്ഷണം. തനിക്കെതിരായ കേസിൽ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ആന്റണി രാജുവിന്റെ ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് സിടി രവികുമാര്‍ നവംബര്‍ ഏഴിലേക്ക് മാറ്റി. ഗൗരവമുള്ള കേസാണിത് എന്ന് നീരീക്ഷിച്ച കോടതി എതിർകക്ഷികൾക്ക് മറുപടി നൽകാനുള്ള സമയം കൂടി പരിഗണിച്ചാണ് കേസ് നവംബർ ഏഴിലേക്ക് നീട്ടിയിരിക്കുന്നത്.
അമ്പതോളം തൊണ്ടിമുതലുകളിൽ ഒന്നിൽ മാത്രമാണ് ആരോപണമെന്നാണ് ആന്‍റണി രാജുവിന്‍റെ അഭിഭാഷകന്‍ കോടതിയുടെ നീരീക്ഷണത്തിന് മറുപടിയായി അറിയിച്ചത്. കഴിഞ്ഞതവണ കേസ് പരിഗണിച്ച സുപ്രീംകോടതി തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ നൽകിയിരുന്നു. ഹര്‍ജികളില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി ഇടക്കാല സ്റ്റേ നൽകിയത്.
കേസിന്‍റെ എല്ലാ വശവും പരിശോധിക്കുമെന്നും കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോൾ ജസ്റ്റിസ് സിടി രവികുമാര്‍ വ്യക്തമാക്കിയിരുന്നു. 33 വര്‍ഷത്തിനുശേഷം കേസിൽ പുനരന്വേഷണം നടത്തുന്നതിനെ ഹര്‍ജിക്കാരനായ മന്ത്രി ആന്‍റണി രാജു എതിര്‍ത്തിരുന്നു. 33 വര്‍ഷം ഈ കേസുമായി മുന്നോട്ടുപോകേണ്ടിവന്നു. ഇത് മാനസിക വിഷമം ഉണ്ടാക്കുന്നതായും അതിനാല്‍ കേസിന്‍റെ നടപടികള്‍ എല്ലാം പൂര്‍ണമായും അവസാനിപ്പിക്കണമെന്നുമാണ് ആൻ്റണി രാജുവിൻ്റെ ഹര്‍ജിയിലെ ആവശ്യം. തനിക്കെതിരെ ഒരു തെളിവും കണ്ടെത്താനായിട്ടില്ല. കേസിൽ മെറിറ്റുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും അതിനാൽ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനിൽക്കില്ലെന്നുമാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആന്റണി രാജുവിൻ്റെ വാദം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here