ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് സുപ്രീം കോടതി, വിചാരണ നേരിടാൻ ഉത്തരവ്

ന്യൂഡൽഹി: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‌ തിരിച്ചടി. മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നരഹത്യ കുറ്റം നില നിൽക്കുമെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി. വിചാരണ നേരിടേണ്ട കേസ് ആണെന്നും തെളിവുകൾ കോടതി പരിശോധിക്കട്ടെ എന്നും സുപ്രീം കോടതി പറഞ്ഞു.

നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തു സർക്കാർ സമർപ്പിച്ച ഹർജിയിൽ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് ഈ വർഷം ഏപ്രിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധ റിപ്പോർട്ടിൽ മദ്യത്തിന്റെ അംശം ഇല്ലെന്നായിരുന്നു കണ്ടെത്തൽ. സാധാരണ ഒരു കാർ അപകടം മാത്രമാണ് സംഭവിച്ചത് എന്നായിരുന്നു ശ്രീറാമിന്റെ വാദം.

2019 ആഗസ്റ്റ് മൂന്നിന് അർധരാത്രിയിലാണ് ശ്രീറാമും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാർ ഇടിച്ച് കെ.എം.ബഷീർ കൊല്ലപ്പെട്ടത്. മ്യൂസിയം ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. മദ്യപിച്ച് അമിത വേഗതയിൽ കാർ ഓടിച്ചു എന്ന് തെളിയിക്കാൻ പോലീസിന് കൃത്യമായി കഴിയാത്തത് വലിയ വിവാദങ്ങൾക്ക് ഇടയാക്കി. ശ്രീറാം വെങ്കിട്ടരാമനെ കേസിൽ നിന്ന് രക്ഷിക്കാൻ തുടക്കം മുതൽ തന്നെ ഉന്നതതല ശ്രമങ്ങൾ നടന്നിരുന്നു.

കവടിയാറിന് സമീപത്തെ ഐഎഎസ് ക്ലബ്ബിൽ നിന്നും മദ്യപിച്ച് ഇറങ്ങിയ ശ്രീറാം സുഹൃത്തായ വഫക്കൊപ്പം അവരുടെ കാറിൽ ചീറിപ്പാഞ്ഞതാണ് ബഷീറിന്‍റെ മരണത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ ഉൾപ്പെടെ വ്യക്തമാക്കിയതാണ്. എന്നാൽ ശ്രീറാം മദ്യപിച്ചിരുന്നെന്ന പരിശോധന നടത്താതെ മ്യൂസിയം പോലീസ് തുടക്കത്തിൽ കള്ളക്കളി നടത്തിയത് കേസിനു തിരിച്ചടിയായി. കാർ ഓടിച്ചത് വഫയാണെന്ന് വരുത്തിതീർക്കാൻ ആദ്യം നടത്തിയ ശ്രമങ്ങൾ പോലും ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടലിന്‍റെ ഫലമായിട്ടായിരുന്നു. സംഭവം കഴിഞ്ഞ് പത്ത് മണിക്കൂറിന് ശേഷമായിരുന്നു ശ്രീറാമിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയത്. അതിനാൽ മദ്യപിച്ചിരുന്നോയെന്ന് തെളിയിക്കാനും സാധിച്ചില്ല.

ശ്രീറാമിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. വാഹനത്തിന്‍റെ വേഗത ഉൾപ്പെടെ ശാസ്തീയമായി കണ്ടെത്തിയെന്നും അവർ അവകാശപ്പെട്ടിരുന്നു. ഐപിസി 304, 201 കുറ്റങ്ങൾ പ്രകാരം വിചാരണ നേരിടാം എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top